പാലാരിവട്ടം പാലം അഴിമതി സുരാജിനെ ജയിലിൽ ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്. നാളെ രാവിലെ പത്തു മണി മുതല്‍ ഒരു മണി വരെ സൂരജിനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
പാലം നിര്‍മ്മാണത്തിനുള്ള തുക ആര്‍ഡിഎസ് പ്രോജക്ട്സിന് മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നാണ് സൂരജ് മൊഴി നല്‍കിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ് . എന്നാൽ ആ തീരുമാനം എന്‍റേതായിരുന്നില്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണ്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു.
സൂരജ് അടക്കമുള്ള നാല് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. അഴിമതിക്കേസിന്‍റെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയലിന് ആ ഉന്നതരെ അറിയാമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ, ആ ഉന്നതരില്‍ താനുണ്ടാകാന്‍ ഇടയില്ലെന്ന പ്രതികരണവുമായി ഇബ്രാഹിം കുഞ്ഞ് രംഗത്തുവരികയും ചെയ്തു. വിജിലൻസിന്റെ നീക്കത്തിൽ ആശങ്കയില്ല. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ വീണ്ടും ഹാജരാകുമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയിരുന്നു.