ജഡ്ജി നിയമനത്തിൽ രാഷ്ട്രീയം ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റിയിൽ താഴെയാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സുപ്രീംകോടതി ജഡ്ജിമാർ
ഡൽഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റിയിൽ താഴെയാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സുപ്രീംകോടതി ജഡ്ജിമാർ. ചൊവ്വാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജസ്റ്റിസ് കെഎം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ജഡ്ജിമാർ നാളെ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. ജുഡിഷ്യറിയുടെ അഭിമാനത്തിനും സ്വാതന്ത്രത്തിനും ഇടിവുണ്ടാക്കുന്ന കേന്ദ്രനടപടി അംഗീകരിക്കരുതെന്നാണ് ജഡ്ജിമാരുടെ നിലപാട്.
കഴിഞ്ഞദിവസം ഇറങ്ങിയ നിയമന ഉത്തരവ് പ്രകാരം സുപ്രീംകോടതിയിലെ പുതിയ മൂന്ന് ജഡ്ജിമാരിൽ സീനിയോറിറ്റിയിൽ ഏറ്റവും പിന്നിലാണ് ജസ്റ്റിസ് കെ എം ജോസഫ്. ജനുവരി 10നാണ് ജസ്റ്റിസ് കെ എം ജോസഫിന്‍റെ നിയമനശുപാർശ കൊളീജിയം കേന്ദ്രത്തിന് അയച്ചത്. കേന്ദ്രം തിരിച്ചയച്ച ശുപാർശയിൽ കൊളീജിയം ഉറച്ചു നിന്നപ്പോൾ നിയമനം നടന്നത് എഴുമാസത്തിന് ശേഷം. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് സരൺ എന്നിവരുടെ പേരുകൾ കൊളീജിയം ശുപാർശ ചെയ്തത് ജൂലൈ 16ന് മാത്രമാണ്.
ഈ സാഹചര്യത്തിൽ ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയിൽ താഴെയാക്കാൻ ആകില്ലെന്നാണ് പ്രതിഷേധിക്കുന്ന ജഡ്ജിമാർ ചൂണ്ടിക്കാണിക്കുന്നത്. കൊളീജിയം തീരുമാനത്തെ തന്നെ അവമതിക്കുന്നതാണ് സർക്കാർ നടപടിയെന്നാണ് ജഡ്ജിമാർക്കിടയിലെ പൊതു വിലയിരുത്തൽ. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിനെ കാണുന്ന ജഡ്ജിമാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും ഇടിവുണ്ടാക്കുന്ന സർക്കാർ നടപടി അംഗീകരിക്കരുതെന്ന് വ്യക്തമാക്കും.
ചൊവ്വാഴ്ച ജസ്റ്റിസ് കെ എം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്നാകും ഇവർ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം