പെഗാസസ് ഫോണ്‍ ചോർത്തൽ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കൂടുതൽ ജഡ്ജിമാരുടെ ഫോൺ ചോർത്തി
മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികള്‍ കോടതിക്ക് മുമ്പിലുണ്ട്.
ഡൽഹി :പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികള്‍ കോടതിക്ക് മുമ്പിലുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാകും കോടതി പരിഗണിക്കുക.
മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ വാദം. പെഗാസസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാനാണ് സാധ്യത. പെഗാസസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. ഇസ്രായേല്‍ നിര്‍മ്മിതമായ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
അതേസമയം പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ദി വയർ അടക്കമുള്ള മാധ്യമങ്ങൾ പുറത്തു വിട്ടു. സുപ്രീംകോടതി ജസ്റ്റിസായിരുന്ന അരുൺ മിശ്രയുടെ ഫോണും പെഗാസസിലൂടെ ചോർത്തി. 2019-ൽ അരുൺ മിശ്ര ഉപയോഗിച്ച ഫോണാണ് പെഗാസസ് ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളായിരുന്ന അരുൺ മിശ്ര. വിവാദമായ ഒട്ടനവധി കേസുകളിൽ അരുൺ മിശ്ര വിചാരണ നടത്തുകയും. വിവാദപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്തംബറിലാണ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്. ഇതിനു മുൻപുള്ള കാലത്ത് ഇദ്ദേഹം ഉപയോഗിച്ച നമ്പറാണ് ചോർത്തപ്പെട്ടത് എന്നാണ് വിവരം.
ഇതു കൂടാതെ സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെ ഫോണുകളും ചോർത്തിയെന്നാണ് ദ വയർ റിപ്പോർട്ട് ചെയ്യുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ കിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ ആയ ആൾജോ ജോസഫിൻ്റെ ഫോണും പെഗാസസ് സ്പൈവേർ ഉപയോഗിച്ച് ചോർത്തപ്പെട്ടിട്ടുണ്ട്. മലയാളി അഭിഭാഷകനാണ് ആൾജോ. മുൻ അറ്റോർണി ജനറൽ മുഗുൾ റോത്തഖിയുടെ ജൂനിയർ അഭിഭാഷകൻ തങ്കദുരെയുടെ ഫോണും ചോർത്തിയെന്നാണ് റിപ്പോർട്ട്.