ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ സമിതിക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നും ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഡൽഹി |ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹര്‍ജി പരിഗണിക്കുക. ജഡ്ജിയുടെ വസതിയില്‍ പണം കണ്ടെത്തിയതില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ സമിതിക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നും ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയില്‍ നിന്നും ആഭ്യന്തര അന്വേഷണസംഘം ഉടന്‍ മൊഴി എടുക്കും. ഡല്‍ഹി ഫയര്‍ ഫോഴ്‌സ് മേധാവി അന്വേഷണ സമിതിക്ക് മൊഴി നല്‍കി. യശ്വന്ത് വര്‍മയെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടു വിവിധ ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍മാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഇന്നലെ കണ്ടു.
യശ്വന്ത് വര്‍മ്മയോട് നേരിട്ടത്തി വിശദീകരണം നല്‍കാനാണ് ആഭ്യന്തര അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അന്വേഷണ സമിതിയെകാണുന്നതിന് മുന്‍പായി യശ്വന്ത്വര്‍മ അഭിഭാഷകരുമായി സംസാരിച്ചു. ഡല്‍ഹി ഫയര്‍ ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കി. തീപ്പിടുത്ത വിവരം അറിഞ്ഞു ആദ്യം എത്തിയത്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് പൊലീസ് കമ്മീഷണര്‍ മൊഴി നല്‍കിയിരുന്നു. പണം കണ്ടെത്തിയ കാര്യം അവിടെ എത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് സമിതി ആരാഞ്ഞത്.