തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.
തരിഗാമിയുടെ ആരോഗ്യം പ്രധാനമാണെന്ന് പറഞ്ഞ കോടതി, സീതാറാം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന് നോട്ടീസും അയച്ചു. വീട്ടുതടങ്കിലുള്ള മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജയ്ക്ക് കോടതി അനുമതി നല്‍കി.
ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സി.പി.എം എം.എല്‍.എ യൂസുഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. തരിഗാമിയുടെ ആരോഗ്യം പ്രധാനമാണെന്ന് പറഞ്ഞ കോടതി, സീതാറാം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന് നോട്ടീസും അയച്ചു. വീട്ടുതടങ്കിലുള്ള മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജയ്ക്ക് കോടതി അനുമതി നല്‍കി. കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യമില്ല എന്നതുള്‍പ്പടെയുള്ള ഹരജികളില്‍ ഈ മാസം 16ന് വിശദമായി വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് സി.പി.എം എം.എല്‍.എയും കേന്ദ്രകമ്മിറ്റി അംഗവുമായ യൂസുഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തരിഗാമിയെ സന്ദര്‍ശിച്ച ശേഷം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നോട്ടീസുമയച്ചു. തരിഗാമിയുടെ ചികിത്സ ഉള്‍പ്പെടെ തടസ്സപ്പെട്ടിരിക്കുന്നു, തടങ്കലിലാക്കാന്‍ ഉത്തരവില്ലാതെ തന്നെ ജമ്മു കശ്മീര്‍ അധികൃതര്‍ തരിഗാമിയെ തടങ്കലില്‍ വെച്ചിരിക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. അതേസമയം പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ യെച്ചൂരി പറഞ്ഞുവെന്നും കോടതി വിമര്‍ശിച്ചു.
തടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകൾ ഇൽതിജ ഇഖ്ബാലിന് അനുമതി നല്‍കിയ കോടതി, ജില്ലാ അധികൃതരുടെ അനുമതിയോടെ സഞ്ചാര സ്വാതന്ത്ര്യത്തിനും അനുമതി നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമുണ്ടെന്ന് കാണിച്ച് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിൻ നല്‍കിയ ഹരജിയിലും സഞ്ചാര സ്വാതന്ത്ര്യവുമായ ബന്ധപ്പെട്ട ഹരജികളിലും സെപ്റ്റംബര്‍ 16ന് വിശദമായ വാദം കേള്‍ക്കുമെന്ന് കോടതിയെ അറിയിച്ചു. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുകയാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.