പന്തിരക്കാവ് കേസ് അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്താനാവില്ലെന്ന് സുപ്രീം കോടതി
മാവോയിസ്റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്നാണ് കോടതി നിരീക്ഷണം. മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീം കോടതി ഇന്ന് ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്
ഡൽഹി :അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ഇപ്പോൾ അലനും താഹയ്ക്കും മേൽ ചുമത്തിയിട്ടുള്ള യുഎപിഎ പ്രകാരമുള്ളമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ടിയിൽ നിലനിൽക്കില്ല. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം ഉണ്ട് എന്ന ഒറ്റക്കാരണത്താൽ യുഎപിഎ പ്രകാരം ഉള്ള കുറ്റങ്ങൾ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാവോയിസ്റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിലനിൽക്കൂവെന്നാണ് കോടതി നിരീക്ഷണം. മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീം കോടതി ഇന്ന് ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്. അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.
ചെറുപ്പക്കാരായതിനാൽ മാവോയിസ്റ്റ് സംഘടനകൾ അവരെ ആകർഷിച്ചിരിക്കാം, പക്ഷേ അതുകൊണ്ട് അവർക്കെതിരെ യുഎപിഎ ചുമത്താനാകില്ല. ഈ നിരീക്ഷണങ്ങൾ ജാമ്യഹർജിയിൽ മാത്രം ഒതുങ്ങുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വിചാരണ നടപടികളെ നിരീക്ഷണങ്ങൾ സ്വാധീനിക്കരുതെന്നും വിധിയിൽ പറയുന്നു.
പുസ്തകങ്ങൾ, ലഘുലേഖകൾ, പ്ലക്കാർഡുകൾ, ഡയറി കുറിപ്പുകൾ ഇതൊക്കെയാണ് പ്രധാന തെളിവുകളായി നിരത്തിയിരുന്നത്. ഇവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എൻഐഎ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. ഇപ്പോൾ ജയലിലുള്ള ത്വാഹയെ പ്രത്യേക കോടതിയിൽ ഹാജരാക്കി ജാമ്യ നടപടികൾ ഒരാഴ്ചക്കുള്ളിൽ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2019 നവംബര്‍ മാസത്തിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎയും ചുമത്തി. പിന്നീട് കേസ് എൻഐഎ ഏറ്റെടുത്തു. എന്നാൽ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ എൻഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നൽകി. ഇതിൽ ത്വാഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. സുപ്രീംകോടതി വിധിയോടെ അലനൊപ്പം ത്വാഹയും ജയിൽ മോചിതനാവുകയാണ്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. എൻഐഎ കോടതി വിധി സുപ്രീംകോടതിയും ശരിവെക്കുമ്പോൾ എൻഐഎക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനും അത് തിരിച്ചടിയാണ്.