സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ശബരിമലയില്‍ തിരുവാഭരണത്തിന്റെ സുരക്ഷ സംബന്ധിച്ച സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കടകംപള്ളി പറഞ്ഞു. തിരുവാഭരണത്തിന്റെ സുരക്ഷയാണ് പ്രധാനം.ശബരിമല ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി രംഗത്തുവന്നിരുന്നു. തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. സുപ്രീം കോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കില്‍ പൂര്‍ണ സുരക്ഷ നല്‍കും. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങളെയും കോടതി വിമര്‍ശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവര്‍മ്മ ക്ഷേത്രഭരണ കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.