തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വേനൽ മഴക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം | തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു
സംസ്ഥാനത്ത് മിക്കയിടങ്ങളിലും വേനൽ മഴ ലഭിച്ചു തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്ത് അപ്രതീക്ഷിത മഴ ആരംഭിച്ചത്. ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ ഇടിയോടു കൂടിയാണ് മഴ പെയ്യുന്നത്. നഗരപ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ രാത്രി വരെ ഇടവിട്ട് മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. നിലമ്പൂർ, പാലക്കാട് തൃശ്ശൂർ മേഖലകളിലും മഴ ലഭിച്ചേക്കും.ഇടുക്കി വരെയുള്ള ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്യും.
ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കേരളത്തിന് അഭിമുഖമായി സഞ്ചരിക്കുന്നതാണ് ഇപ്പോഴത്തെ ഈ അപ്രതീക്ഷിത മഴയ്‌ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കിഴക്കൻ കാറ്റ് സജീവമായതിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ ഉൾകടലിൽ നിന്ന് കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കേരളത്തിലേക്ക് സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ട്.