നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു പ്രതികൾക്കെതിരെ നരഹത്യക്ക് കേസ്
അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്
മലപ്പുറം | നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ നരഹത്യക്ക് കേസെടുത്തു. കെണി വെച്ച ആളെക്കുറിച്ച് സൂചന കിട്ടിയതായി പൊലീസ് അറിയിച്ചു.അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആർ പറയുന്നു. അനന്തു അപകടത്തിൽപ്പെട്ടത് കാൽ വൈദ്യുതി കമ്പിയിൽ കാൽ തട്ടിയതോടെയെന്നാണ് എഫ്ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഒരാളെയും സഹായിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃത വൈദ്യുതി ഉപയോഗിച്ചതിന് ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവാണ് ഷോക്കേറ്റ് മരിച്ചത്. ഒരു കുടുംബത്തിലെ മീന്‍ പിടിക്കാന്‍ പോയ നാല് പേര്‍ക്കാണ് ഷോക്കേറ്റത്. യദു കൃഷ്ണ, ഷാനു വിജയ് എന്നിവരാണ് ഷോക്കേറ്റ് ചികിത്സയിലുള്ളത്. ഫെന്‍സിങ്ങിന് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
അതേസമയം നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുത്ത് കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർക്ക് ആക്ഷേപം ഉണ്ട്.