വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി നിയമസസഭയിൽ പ്രതി പക്ഷം , അവശ്യസാധനങ്ങൾ ഉണ്ടെന്ന് സർക്കാർ
സപ്ലൈകോയും ഹോർട്ടികോർപ്പും വൻ പരാജയമാണെന്നും വിപണി ഇടപെടലിന് തടസം വകുപ്പുതല തർക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രിമാര്‍ കൂട്ടത്തോടെ എഴുന്നേറ്റു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഏറ്റെടുത്തു
തിരുവനന്തപുരം| സംസ്ഥാനത്തെ സാധാരണ ജനങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. സഭ കഴിഞ്ഞ് ഒരുമിച്ച് പോയി നോക്കാമെന്നായിരുന്നു മന്ത്രി ജിആർ അനിലിന്റെ മറുപടി. മഹാപ്രളയവും മഹാമാരിയും ഒരുപാട് ആളുകളുടെ സാമ്പത്തിക അടിത്തറ തകർത്തു കളഞ്ഞു. ഈ ആഘാതത്തിൽ നിന്ന് മനുഷ്യർ മുക്തരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ വർഷം ധനകാര്യസ്ഥാപനത്തിൽ നിന്ന് ഏറ്റവും കൂടുതൽ ജപ്തി നോട്ടീസ് പ്രവഹിച്ച കാലമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവും മന്ത്രിമാരും. സപ്ലൈകോയും ഹോർട്ടികോർപ്പും വൻ പരാജയമാണെന്നും വിപണി ഇടപെടലിന് തടസം വകുപ്പുതല തർക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ മന്ത്രിമാര്‍ കൂട്ടത്തോടെ എഴുന്നേറ്റു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഏറ്റെടുത്തു.
സപ്ലൈക്കോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്ന വിമർശനവുമായി നിയമസഭയിൽ പി സി വിഷ്ണുനാഥ് എംഎൽഎ. സപ്ലൈക്കോയിൽ സാധനങ്ങൾ ഒന്നുമില്ല. വില കൂടിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നു, പക്ഷേ സാധനം എവിടെ കിട്ടും. അതു കൂടി പറയണം. വിലകൂടിയിട്ടില്ലെന്നതും വസ്തുതാപരമായി ശരിയല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ‘വിലക്കയറ്റം സീമകൾ ലംഘിച്ച് കുതിക്കുമ്പോൾ സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു’; എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സഭയിൽ വായിച്ചായിരുന്നു പിസി വിഷ്ണുനാഥിന്റെ വിമർശനം.
സപ്ലൈക്കോയിൽ ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റും പി സി വിഷ്ണുനാഥ് സഭയിൽ വായിച്ചു. വിലക്കയറ്റം മൂലം സാധാരണക്കാരായ ജനങ്ങളുടെ ജീവിത ചെലവിൽ 5000 രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണി ഇടപെടലിന് സർക്കാർ നടപടി ഇല്ല. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.ഓണക്കിറ്റിനെ കുറിച്ച് സർക്കാർ ഒന്നും പറയാത്തത് എന്താണ്? സപ്ലൈകോയ്ക്ക് 3400 കോടി കുടിശ്ശികയുണ്ട്. അവിടെയാണോ സർക്കാർ 250 കോടി കൊടുത്തത്. ശരിക്കും അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത് ഭക്ഷ്യമന്ത്രിയാണെന്നും പി സി വിഷ്ണുനാഥ് വിമർശിച്ചു.സംസ്ഥാനത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുളളത്. ഓണച്ചന്ത ആരംഭിക്കാൻ കഴിയുന്നുണ്ടോ എന്നും എംഎൽഎ ചോദിച്ചു. സപ്ലൈക്കോ കെഎസ്ആർടിസിയുടെ വഴിയെ ഓടിക്കൊണ്ടിരിക്കുകയാണെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
അവശ്യസാധനം ആവശ്യത്തിന് ഉണ്ടെന്നും വില കൂടിയില്ലെന്നും ഉള്ള മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും സർക്കാരിന്റെയും വാദം പൊള്ളയെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. സപ്ലെയ്കോ ഔട് ലറ്റിൽ സംയുക്ത പരിശോധനക്കുണ്ടോ എന്ന് നേതാവിന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ഏറ്റുപിടിച്ചു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രി.
ഹോർട്ടികോഋപ്പിലും പൊതുവിപണിയേക്കാൾ വിലയെന്ന ആരോപണം മന്ത്രി പി പ്രസാദും, സപ്ലെയ്കോ കുടിശികയിൽ ഭക്ഷ ധന വകുപ്പുകൾ തമ്മിൽ പ്രശ്നമുണ്ടെന്ന ആരോപണം കെഎൻ ബാലഗോപാലും ഏറ്റുപിടിച്ചു. കെഎസ്ആർടിസിക്കെതിരായ പരാമർശത്തിൽ മന്ത്രി ആന്റണി രാജു കൂടി എഴുന്നേറ്റതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി . ഓണക്കാലത്ത് വിവാദ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മിത്ത് വിവാദത്തിൽ സ്പീക്കർക്ക് പിസി വിഷ്ണുനാഥിന്റെ കുത്ത് രാഷ്ട്രീയ കൗതുകമായി. വലിയ ഇടവേളക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭാ ടിവി പ്രതിപക്ഷ ദൃശ്യങ്ങളും കൊടുത്ത് തുടങ്ങിയിട്ടുണ്ട്