പായിപ്പാട്ട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
പശ്ചിമ ബംഗാൾ സ്വദേശി അൻവർ അലി ആണ് അറസ്റ്റിലായത്
കോട്ടയം: പായിപ്പാട്ട് ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അൻവർ അലി ആണ് അറസ്റ്റിലായത്. നിയമലംഘനം, അനധികൃതമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റൊരു ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമായി പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തിരുന്നു. അനധികൃത സംഘം ചേരലിന് കണ്ടാലറിയാവുന്ന രണ്ടായിരം പേർക്കെതിരെ കേസെടുത്ത പൊലീസ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗായി 20 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.