അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി .
വകുപ്പ് തല അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്‍.
വിജയ ശതമാനം കൂട്ടാന്‍ സ്‌കൂളുകള്‍ക്ക് ഒരു സമ്മര്‍ദ്ദം ഇല്ല. സംഭവത്തില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. വകുപ്പ് തല അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകന്‍ ഇക്കാര്യം ചെയ്തത് എന്തിനെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം 3 അധ്യാപകരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ അധ്യാപകനും അഡീഷണല്‍ ഡപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദാണ് ആരോപണ വിധേയനായ അധ്യാപകന്‍.
സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തിയതുമായാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിഷാദ് വി. മുഹമ്മദിനെയും, പരീക്ഷാ ഡ്യൂട്ടി ചീഫായ പി.കെ ഫൈസല്‍, സ്‌കൂള്‍ പ്രന്‍സിപ്പല്‍ കെ. റസിയ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മൂല്യ നിര്‍ണയത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നത്. ഉത്തരക്കടലാസിലെ കയ്യക്ഷരം കണ്ട് സംശയം തോന്നിയാണ് പരിശോധന നടത്തിയത്.