സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് 2225 രോഗമുക്തി,മരണം 6

കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്.തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2225 പേര്‍ രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്.തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്

കഴിഞ്ഞ 24 മണിക്കൂറിൽ ആകെ പരിശോധന 34988 ആയി. സംസ്ഥാനത്ത് ആകെ 23277 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്നലെ വരെ പുറത്തു നിന്നും 869655 പേർ കേരളത്തിലേക്ക് എത്തി. അതിൽ 332582 പേർ വിദേശത്ത് നിന്നും 537000 പേരിൽ 62 ശതമാനം പേരും കൊവിഡ് റെഡ് സോണ് ജില്ലകളിൽ നിന്നുമാണ് എത്തിയത്. ഓണക്കാലം കൂടിയായതോടെ ആളുകളുടെ വരവ് വർധിച്ചു. സമ്പർക്കവ്യാപനം കൂടിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭവികഘട്ടമാണിത്.

പലവട്ടം പറഞ്ഞ പോലെ ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കൊവിഡ് വ്യാപനത്തിന് അനവധി അനുകൂലഘടകങ്ങൾ നിലനിൽക്കുന്ന സംസ്ഥാനവും ആണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മെയ്, ജൂണ് മാസങ്ങളിൽ 90 ശതമാനം കേസുകളും സമ്പർക്കം വഴിയായിരുന്നു. എന്നാൽ ഇപ്പോഴാണ് കേരളത്തിൽ ആ അവസ്ഥയുണ്ടായത്. കുത്തനെ കൂടുന്നതിന് പകരം ക്രമാനുഗതമായാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. നാം കാണിച്ച മുൻകരുതൽ, ജാഗ്രത അതിൻ്റെയെല്ലാം ഫലമാണിത്. സമ്പർക്കം വഴി കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സഹാചര്യത്തിലേക്ക് നാമെത്തി. ഇവിടെ നാം കാണിക്കുന്നത് രോഗികളുടെ എണ്ണം പെട്ടെന്ന് കൂടാതിരിക്കാനുള്ള ജാഗ്രതായണ്. രോഗികളുടെ എണ്ണം വല്ലാതെ കൂടിയാൽ മരണസംഖ്യയും വല്ലാതെ കൂടാം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാവും.അതുണ്ടാവാന്‍ പാടില്ല.

രോഗം വരാതെ എല്ലാവരും ശ്രദ്ധിച്ചേ മതിയാവു.അസാധാരണമായ ഒരുലോകസാഹചര്യം. ആ ഘട്ടത്തിലാണ് തിരുവോണം എത്തുന്നത്. അതിനാൽ തന്നെ അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാൻ നമ്മുക്ക് കഴിയും എന്ന പ്രത്യാശ പടർത്തി കൊണ്ടാവാണം ഇക്കുറി ഓണാഘോഷണം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂലസാഹചര്യത്തിനും അപ്പുറം അനുകൂലമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷ ഭാവിയെ കൂടി പ്രസക്തമാക്കുന്ന സങ്കൽപമാണ്. മാനുഷരെല്ലാം ഒന്നിച്ചുണ്ടായിരുന്ന കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.

എല്ലാ മനുഷ്യരും ഒരുമയിലും സ്നേഹത്തിലും സമൃദ്ധിയിലും കഴിയുന്ന കാലം ഉണ്ടാവും എന്ന പ്രതീക്ഷയിൽ പ്രയത്നിക്കുന്ന എല്ലാവർക്കും ഊർജ്ജം നൽകുന്നതാണ് ആ സങ്കൽപം. ഓണത്തിന് ഒന്നിച്ചിരുന്ന് ഉണ്ണുന്നതും ഓണത്തിന് ഒത്തുകൂടുന്നതും മലയാളിയുടെ ശീലമാണ്. ലോകത്തെവിടെ നിന്നും ഓണത്തിന് വീട്ടിലെത്തുന്നതാണ് മലയാളിയുടെ ശീലം.കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കും പ്രയാസങ്ങൾക്കും ഇടയിൽ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ സർക്കാരിനായി. എല്ലാ വേർതിരിവുകൾക്കും അതീതരായി എല്ലാവരും ഒന്നിച്ചു കഴിയുന്ന നല്ല നാളേയ്ക്കുള്ള പ്രചോദനമാകട്ടെ ഓണം. കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്നും നമ്മുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ.

എല്ലാ മുൻകരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. കൊവിഡ് വൈറസ് വ്യാപനത്തിന് ഇടനൽകുന്ന ഒരു കാര്യവും ആരും ചെയ്യരുത്. സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കുക.

You might also like

-