സ്റ്റര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭം പൊലീസ് നിശബ്ദമാക്കുന്നു പ്ലാന്റ് വീണ്ടും തുറക്കാന്‍ നീക്കം

വാട്‌സാപ്പിലും ഫേസ്ബുക്കിലും സ്റ്റര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രചാരം നടത്തുന്നവരെ പൊലീസ് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത

0

ചെന്നൈ: തമിഴ്‌നാടിനെ വിറപ്പിച്ച നിരവധി പേരുടെ ജീവനെടുത്ത വേദാന്ത ഗ്രൂപ്പിന്റെ സ്റ്റര്‍ലൈന്റ് പ്ലാന്റിനെതിരായ പ്രക്ഷോഭം പൊലീസ് ഇടപെട്ട് ഒതുക്കി തീര്‍ക്കുന്നതായി ആരോപണം. പ്ലാന്റിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടച്ചു പൂട്ടിയ വേദാന്ത കമ്പനിയുടെ സ്റ്റര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ പോകുന്നതായി കമ്പനി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലും മറ്റും കമ്പനിക്കെതിരെ പ്രചാരം ആരംഭിച്ചിരുന്നു. വാട്‌സാപ്പിലും ഫേസ്ബുക്കിലും സ്റ്റര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രചാരം നടത്തുന്നവരെ പൊലീസ് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. കമ്പനിയുടെ ചുറ്റുവട്ടത്തു താമസിക്കുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്ന പൊലീസ് സ്റ്റര്‍ലൈറ്റ് കമ്പനിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമരം സംബന്ധിച്ച വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്ന വാടാസാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പിന്‍വലിയണമെന്ന് പൊലീസ് ആളുകളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആവശ്യപ്പെടുകയാണ്. ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്ന 10-15 പേരെയെങ്കിലും ദിവസവും പൊലീസ് ചോദ്യം ചെയ്യുന്നുണ്ടെന്ന് തൂത്തുക്കുടി എസ്.പി മുരളി രംഭ സ്ഥിരീകരിക്കുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്താനാണ് ഈ നീക്കമെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം ഇത് നിയമവിരുദ്ധമാണെന്ന് പ്രക്ഷോഭത്തിലുള്ളവരും അഭിഭാഷകരും പറയുന്നത്.

You might also like

-