എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
ജൂണ്‍ ആദ്യ വാരം കേന്ദ്രത്തിന്‍റെ പുതുക്കിയ മാര്‍ദനിര്‍ദേശം അനുസരിച്ച് പുതിയ തിയ്യതി തീരുമാനിക്കും.
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യ വാരം കേന്ദ്രത്തിന്‍റെ പുതുക്കിയ മാര്‍ദനിര്‍ദേശം അനുസരിച്ച് പുതിയ തിയ്യതി തീരുമാനിക്കും.കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തരുതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് എത്താന്‍ കഴിയുമോ, സുരക്ഷിതമായി പരീക്ഷ നടത്താന്‍ കഴിയുമോ എന്നിങ്ങനെ ആശങ്കകള്‍ ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്നം. ക്വാറന്‍റൈന്‍, ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ പരീക്ഷ എഴുതാനുണ്ടെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവെക്കുകയുണ്ടായി.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലും സ്കൂളുകള്‍ തുറക്കരുതെന്നാണ് ഉണ്ടായിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. മേയ് 26 മുതൽ 30 വരെ പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.