കൊളംബോ അക്രമം ഇസ്ലാമിക് സ്റ്റേറ്റ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു
320 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടന ആക്രമണം നടത്തിയവരുടെ ചിത്രവും വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. 'യുഎസ് സഖ്യ അംഗങ്ങളെയും ശ്രീലങ്കയിലെ ക്രിസ്ത്യാനികളെയും ലക്ഷ്യം വച്ചു നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളാണ്' എന്നാണ് സംഘടനയുടെ പ്രചാരണ ഏജൻസിയായ അമഖ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ബെയ്റൂട്ട് : ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. 320 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടന ആക്രമണം നടത്തിയവരുടെ ചിത്രവും വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. ‘യുഎസ് സഖ്യ അംഗങ്ങളെയും ശ്രീലങ്കയിലെ ക്രിസ്ത്യാനികളെയും ലക്ഷ്യം വച്ചു നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളാണ്’ എന്നാണ് സംഘടനയുടെ പ്രചാരണ ഏജൻസിയായ അമഖ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഈസ്റ്റർ ദിനത്തിലാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ലക്ഷ്യം വച്ചു നടത്തിയ സ്ഫോടന പരമ്പരയിൽ വിദേശികളും സ്വദേശികളും അടക്കമുള്ളവർ കൊല്ലപ്പെട്ടു. സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. സ്ഫോടനത്തിൽ പങ്കെടുത്തു എന്ന് പറയുന്ന എട്ട് പേരുടെ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. വിശുദ്ധ ആക്രമണത്തിൽ പങ്കെടുത്തവർ എന്ന തലക്കെട്ടോടെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിൽ ഒരാളൊഴികെ എല്ലാവരും മുഖം മറച്ച് നിലയിലാണ്. എല്ലാവരുടെ കയ്യിലും കത്തിയും ഉണ്ട്. ആക്രമികളുടേതെന്ന് പറയുന്ന ഒരു വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ ഇവരെല്ലാവരും ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പതാക പശ്ചാത്തലമാക്കി അറബി ഭാഷയിലാണ് ഇവരുടെ പ്രതിജ്ഞ. വീഡിയോയുടെയും ഫോട്ടോയുടെയും ആധികാരികത ഇതുവരെ ഉറപ്പാക്കിയിട്ടില്ല. അതുപോലെ തന്നെ അക്രത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന ആളുകളുടെ എണ്ണത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
2001 യുഎസിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായാണ് ശ്രീലങ്കയിലെ സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. സംഭവത്തിൽ പ്രാദേശിക ഇസ്ലാമിക് സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിനെ ആയിരുന്നു ശ്രീലങ്കൻ സർക്കാർ സംശയിച്ചിരുന്നത്. ന്യൂസിലാൻഡിലെ മുസ്ലീം പള്ളികളിലുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് നടപടിയെന്നും സംശയിച്ചിരുന്നു. അന്തരാഷ്ട്ര ഭീകരസംഘടനകളുടെ പിന്തുണയും ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും നിരീക്ഷണം ഉണ്ടായിരുന്നു.
കൊളംബോയിലെ ഒരു സുഗന്ധവ്യജ്ഞന വ്യാപാരിയുടെ രണ്ട് മക്കൾ ആക്രമണത്തിൽ പങ്കെടുത്തതായി പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷംഗ്രി ലാ പഞ്ചനക്ഷത്ര ഹോട്ടലിൽ ചാവേറായി എത്തി സ്ഫോടനം നടത്തിയത് നാഷണൽ തൗഹീദ് ജമാഅത്ത് അംഗങ്ങളായ ഇവരാണെന്നായിരുന്നു നിഗമനം. എന്നാൽ അബു ഒബൈദ്, അബു ബരാ, അബു മുഖ്താർ എന്നീ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സ്ഫോടനങ്ങൾക്ക് പിന്നിലെന്നാണ് സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.പള്ളികളിലെ ആക്രമണത്തിന് പിന്നിൽ അബു ഹംസ, അബു ഖലീൽ, അബു മുഹമ്മദ് എന്നിവരാണെന്നും പറയുന്നു