ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞെന്ന അദ്ദേഹത്തിന്റെ വാദം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന് പി.എസ് ശ്രീധരൻ പിള്ള.
താൻ രണ്ടു തവണ മാപ്പു ചോദിച്ചെന്നു പറയുന്ന ടിക്കാറാം മീണ നുണ പറയുകയാണ്.
താൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞെന്ന അദ്ദേഹത്തിന്റെ വാദം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. താൻ രണ്ടു തവണ മാപ്പു ചോദിച്ചെന്നു പറയുന്ന ടിക്കാറാം മീണ നുണ പറയുകയാണ്. ആറ്റിങ്ങൽ പ്രസംഗത്തിലെ തന്റെ പരാമർശം പരിഭാഷപ്പെടുത്തി കമ്മീഷനിലേക്ക് അയച്ചതിൽ സർക്കാരും ഉദ്യോഗസ്ഥരും പിഴവ് വരുത്തിയെന്നും പല ഭാഗങ്ങളും ഒഴിവാക്കിയാണ് കമ്മീഷന് റിപ്പോർട്ട് നൽകിയതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
മതത്തെക്കുറിച്ച് പ്രസംഗത്തിൽ താൻ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ മതത്തിന്റെ പേര് ദുരുപയോഗം ചെയ്തെന്നാണ് കമ്മീഷന് റിപ്പോർട്ട് നൽകിയത്. കേരളത്തിൽ വ്യാപകമായ കള്ളവോട്ട് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.കള്ളവോട്ടിന്റെ കാര്യത്തിൽ സിപിഎം ഇനിയെങ്കിലും തിരുത്തലിന് തയ്യാറാകണം. വാജ്പേയിയുടെ ഹൃദയവിശാലത കൊണ്ട് മാത്രമാണ് ഇന്നും ദേശീയ പാർട്ടിയായി സിപിഎം നിലനിൽക്കുന്നത്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സിപിഎം ഇത്തവണ ഏറ്റുവാങ്ങാൻ പോകുന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.