വയനാട് ഉരുൾപൊട്ടൽ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം
ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും
തിരുവനന്തപുരം | വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് 3 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും. ടൌൺഷിപ്പ് നിർമ്മാണം എങ്ങനെ എന്നതടക്കം നാളെ ചർച്ച ചെയ്യും.ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീട് നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിൻറയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും നാളെ വൈകീട്ട് മൂന്നരക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടികാട്ടി പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഇതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്.
പ്രതിഷേധക്കാര്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുമായി സംസാരിക്കുകയും പിന്നീട് പ്രതിഷേധത്തിലേക്ക് നീങ്ങുകയുമായിരുന്നു.സര്‍വ്വകക്ഷിയോഗം വിളിച്ചത് പിന്നെയെന്തിനാണെന്നും ലിസ്റ്റ് തയ്യാറാക്കിയവര്‍ വന്നിട്ട് സംസാരിക്കാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. അതി വൈകാരികമായാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഉത്തരം പറയണമെന്നും പരാതിക്കാര്‍ പറയുന്നു. ദുരിത ബാധിതരെ ആട്ടിപ്പായിക്കാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ തെരുവിലാണെന്നും പരാതിക്കാര്‍ പറഞ്ഞു.മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ ഉള്ളത്. പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ജനുവരി 10 നുള്ളില്‍ അറിയിക്കാന്‍ കളകട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.
കരട് പട്ടികക്കെതിരെ പ്രതിക്ഷേധം ഉയര്ന്ന സാഹചര്യത്തിൽ വിശദികരണവുമാ റവന്യൂ മന്ത്രി കെ രാജൻ രംഗത്തെത്തി . ഇപ്പേൾ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്നും 15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാമെന്നും മന്ത്രി കെ രാജൻ വിശദീകരിച്ചു. എല്ലാവരെയും ഉൾപ്പെടുത്തലാണ് സർക്കാരിന്റെ ലക്ഷ്യം. ആർക്കും ആശങ്ക വേണ്ട. അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ. അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്റെ മാർക്ക് ചെയ്യൽ നടക്കും.അതിവേഗത്തിൽ കാര്യങ്ങൾ നടപ്പാക്കും. കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. കരടിൽ ആക്ഷേപങ്ങൾ അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. രണ്ടു ഘട്ടത്തിലാണ് പട്ടിക നടപ്പാക്കുന്നത്. ഒന്നാംഘട്ടവും രണ്ടാംഘട്ടവും രണ്ട് കാറ്റഗറിയാണ്. ഒന്ന് ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർ, രണ്ട് വീട് നഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തം ഉണ്ടായതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയാത്തവർ. പഞ്ചായത്തിന്റെയും റവന്യൂവിന്റെയും പട്ടിക ചേർത്താണ് കരടു പട്ടിക പുറത്തിറക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു