പി ടി ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു സ്പീക്കർ എം.ബി.രാജേഷ്

ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ തന്റെ പാര്‍ട്ടിക്കും മുന്നണിക്കും പോലും സ്വീകാര്യമല്ലാത്ത നിലയില്‍ പി.ടി.തോമസിനെ നമ്മള്‍ കണ്ടിട്ടുണ്ട്. സാമുദായിക വിഷയങ്ങളിലും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചു

0

തിരുവനന്തപുരം | അന്തരിച്ച തൃക്കാക്കര എം.എൽ.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. ശരികളിൽ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ തന്റെ പാര്‍ട്ടിക്കും മുന്നണിക്കും പോലും സ്വീകാര്യമല്ലാത്ത നിലയില്‍ പി.ടി.തോമസിനെ നമ്മള്‍ കണ്ടിട്ടുണ്ട്. സാമുദായിക വിഷയങ്ങളിലും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചു. അദ്ദേഹത്തിന് ശരി എന്ന് തോന്നുന്നവ മാത്രമാണ് പിന്തുടര്‍ന്നത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് നോക്കാതെ എടുക്കുന്ന നിലപാടുകളാണ് സ്വന്തം പാര്‍ട്ടിയില്‍ പോലും പി.ടി.തോമസിനെ വേറിട്ട് നിര്‍ത്തിയിരുന്നത്. സംസ്‌കാരചടങ്ങുകള്‍ മതനിരപേക്ഷമാകണം എന്ന പി.ടി.തോമസിന്റെ തീരുമാനം മാതൃകാപരമായിരുന്നു. കേട്ടില്ലെന്ന് നടിക്കാനാകാത്ത ശബ്ദമായിരുന്നു പി.ടി.തോമസിന്റേത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ വിവാദമായപ്പോഴും വിട്ടുവീഴ്ചയില്ലാതെ നിന്ന നേതാവായിരുന്നു പി.ടി.തോമസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഈ ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് പി.ടി.തോമസ് നമ്മളില്‍ നിന്ന് വേര്‍പെട്ട് പോയത്. അവിശ്വസനീയമായ വേര്‍പാട് യുഡിഎഫിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം. നിലപാടുകളിലെ കാര്‍ക്കശ്യം പി.ടി.യെ വ്യത്യസ്തനാക്കി. ഏത് നിയോഗം ഏറ്റെടുക്കുമ്പോഴും പൂര്‍ണമായ പ്രതിബദ്ധത കാണിച്ചു. ഉറച്ച നിലപാടുകള്‍ വിവാദമായപ്പോഴും അതിലൊന്നും വിട്ടുവീഴ്‌ച്ചയില്ലാതെ മുന്നോട്ട് പോയി. പി.ടി തോമസ് ഒരു പോരാളിയായിരുന്നു. ലോട്ടറി മാഫിയയ്‌ക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഖനന മാഫിയ്‌ക്കെതിരെ നിലപാടെടുത്ത പി.ടി.തോമസിന് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു എന്നാല്‍ അതില്‍ നിന്ന് പിന്‍മാറിയില്ലെന്നും വി.ഡി.സതീശന്‍ അനുസ്മരിച്ചു.
മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതൽ 24 വരെ നടക്കുന്ന ചർച്ചകൾക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കില്ല. മാർച്ച് 11 നാണ് ബജറ്റ് നടക്കുന്നത്.

You might also like

-