പതിനേഴാം ലോക്സഭയുടെ നാഥൻ ഓം ബിർള ലോക്സഭാ സ്പീക്കർ; തെരഞ്ഞെടുപ്പ് ഏകകണ്ഠമായി

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്നാഥ് സിംഗ് പിന്തുണച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ലോക്സഭാംഗമാണ് ബിർള.

0

ഡൽഹി: പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ബിജെപി നേതാവ് ഓം ബിർളയെ തെരഞ്ഞെടുത്തു. ഏക കണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്നാഥ് സിംഗ് പിന്തുണച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ലോക്സഭാംഗമാണ് ബിർള. ബിർളയുടെ പ്രവൃത്തി പരിചയം ലോക്സഭയിൽ മുതൽ കൂട്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദന സന്ദേശത്തിൽ പറഞ്ഞു.മുതിർന്ന പാർലമെന്റേറിയനായ സുമിത്രാ മഹാജന്റെ പിൻഗാമിയായാണ് ബിർള ലോക്സഭാ സ്പീക്കർ പദത്തിലെത്തുന്നത്. 2014ലും 2019ലും ഓം ബിര്‍ള കോട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്.

മൂന്നുതവണ രാജസ്ഥാൻ എംഎൽഎയായിരുന്നു ബിർള. മികച്ച സംഘാടകനായ ഓം ബിര്‍ള ബിജെപിയുടെ യുവജന വിഭാഗത്തിന്റെ കരുത്തനായ നേതാവായിരുന്നു. മാത്രമല്ല, സംഘടനാ തലത്തില്‍ ഒട്ടേറെ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പാർലമെന്ററി രംഗത്തെ 25 വർഷത്തെ അനുഭവ പരിചയമാണ് സ്പീക്കർ കസേരയിൽ ബിർളയെ എത്തിച്ചത്. ട്രഷറി ബെഞ്ചിലുള്ള പ്രോട്ടേം സ്പീക്കർ വീരേന്ദ്രകുമാറിന്റെയോ മനേക ഗാന്ധിയുടേയോ അത്ര സീനിയോറിറ്റി ഇല്ലെങ്കിലും സംഘടനക്കുള്ളിലുള്ള ശക്തമായ സ്വാധീനമാണ് ബിർളയെ പുതിയ പദവിയിലെത്തിച്ചത്.

You might also like

-