ലോകമാകെ കൊറോണ ഭീതിയിൽ കഴിയവെ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ
ഉത്തര കൊറിയയുടെ പ്യോൻഗാൻ പ്രവിശ്യയിലാണ് മിസെെൽ പരീക്ഷണം നടത്തിയതെന്നാണ് ന്യൂയോർക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്.
സോൾ: ലോകമാകെ കൊറോണ ഭീതിയിൽ കഴിയവെ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. മിസൈലുകൾ തങ്ങളുടെ അതിർത്തിക്ക് പുറത്ത് കടലിൽ പതിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഉത്തര കൊറിയയുടെ പ്യോൻഗാൻ പ്രവിശ്യയിലാണ് മിസെെൽ പരീക്ഷണം നടത്തിയത്. തീർത്തും അനുചിതമായ നേരത്താണ് ഉത്തര കൊറിയ മിസെെൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. 255 മെെൽ ദൂരത്തിൽ നടത്തിയ പരീക്ഷണം ജപ്പാൻ – ഉത്തര കൊറിയൻ അതിർത്തിയിൽ വരുന്ന സമുദ്രഭാഗത്തേക്കാണ് വിക്ഷേപണം നടത്തിയത്. മിസെെലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് സെെന്യം പറയുന്നത്.
ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഉത്തര കൊറിയയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ നിലനിനിൽക്കുന്ന കൊറിയയിൽ നിന്നുള്ള രോഗവിവരം സർക്കാർ മറച്ചുവെക്കുന്നതായി സന്നദ്ധ സംഘടനകൾ അറിയിക്കുന്നു. വെെറസ് പ്രതിരോധത്തിനായി ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വിദേശികൾ ഉൾപ്പടെ ക്വാറന്റയിനിലുണ്ടായിരുന്ന 2,500 പേരെ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ റിലീസ് ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ 6.45നും 6.50നുമായിരുന്നു മിസൈൽ പരീക്ഷിച്ചതെന്നാണ് വിവരം. ദക്ഷിണ കൊറിയയും അമേരിക്കയും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കൊറോണ വൈറസിനെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കുന്ന ഈ സമയം മിസൈൽ പരീക്ഷണത്തിന് തെരഞ്ഞെടുത്തത് നിർഭാഗ്യകരമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു