സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം
വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പത്തനംതിട്ട എസ്പിക്ക് നിർദേശം നൽകി. സൂരജിന്റെ മാതാപിതാക്കൾ,സഹോദരി എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണാവശ്യം.
കൊല്ലം അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ കുടുംബത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പത്തനംതിട്ട എസ്പിക്ക് നിർദേശം നൽകി. സൂരജിന്റെ മാതാപിതാക്കൾ,സഹോദരി എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണാവശ്യം.
ഉത്രയ്ക്ക് സൂരജിന്റെ കുടുംബത്തില്‍ നിന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉത്രയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. സ്ത്രീധനം തിരികെ നല്കാതിരിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വിവരവും പുറത്ത് വരുന്ന സാഹചര്യത്തിലാണ് സൂരജിന്റെ ബന്ധുക്കള്‍ക്കെതിരെയും അന്വേഷണം നടത്തി കേസെടുക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
സൂരജിന്റെ അച്ഛന്‍ അമ്മ സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം- ഗാര്‍ഹിക പീഡന നിരോധന നിയമം എന്നിവ പ്രകാരം അന്വേഷണം നടത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം. 7 ദിവസത്തിനുള്ളില്‍ പത്തനംതിട്ട എസ് പി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുടുംബാംഗങ്ങള്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷണ പരിധിയിൽ വരമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സൂരജ് ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിൽ അന്വേഷണ സംഘം എത്തി വിവരങ്ങൾ ശേഖരിച്ചു. അടൂരിലെ ധനകാര്യ സ്ഥാപനത്തില്‍ സൂരജ് എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.