പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ച് എസ്എൻഡിപി യോഗം
നിലവിൽ പതിനായിരത്തോളം പേർക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ആലപ്പുഴ | പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി.ജി.ഹരീന്ദ്രനാഥ് അറിയിച്ചു.എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ മുഴുവൻ സ്ഥിരാംഗങ്ങൾക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ ഇനി മുതൽ വോട്ടുചെയ്യാം. നിലവിൽ ഇരുനൂറ് അംഗങ്ങൾക്ക് ഒരാളെന്ന നിലയ്ക്കായിരുന്നു പ്രാതിനിധ്യവോട്ടവകാശമുള്ളത്. ഒരു ശാഖയിൽ 600 പേരുണ്ടെങ്കിൽ മൂന്നു പേർക്ക് വോട്ടവകാശം ലഭിക്കും. നിലവിൽ പതിനായിരത്തോളം പേർക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
1974 ലെ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യവോട്ടവകാശം നിശ്ചയിച്ചത്. നൂറുപേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇത്. എന്നാൽ 1999 ൽ എസ് എൻ ഡി പി യോഗത്തിന്‍റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറിൽ ഒരാൾക്കാക്കി. ഇത്തരത്തിൽ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നൽകാൻ കേന്ദ്രസർക്കാരിന് അവകാശമില്ലെന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്. 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ് എൻ ഡി പി യോഗത്തിലെ സ്ഥിരാംഗങ്ങളായ മുപ്പതുലക്ഷത്തോളം പേർക്കാണ് വോട്ടവകാശം ലഭിക്കുക.ഇപ്പോഴത്തെ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് നടന്നാൽ നിലവിലെ ഭാരസതിക്ക് തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിലാണ് തെരെഞ്ഞെടുപ്പ് മാറ്റി വക്കാൻ വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന ഭരണ സമതി തീരുമാനിച്ചത്.വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് വേലപ്പള്ളിനടേശൻ അറിയിച്ചിരുന്നു .