സോഷ്യൽ മീഡിയയിൽ അപമാനിച്ചു മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്റെ പരാതിയിൽ കേസ്

ആഗോള ബിസിനസ് കോൺഫറൻസ് കവർ ചെയ്തുള്ള പരിചയം ലഭിക്കുമെന്ന ലക്ഷ്യത്തിലാണ് സ്വന്തം പണം മുടക്കി അബുദാബിക്ക് പോയത്

0

കൊച്ചി ;കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്‍ നൽകിയ പരാതിയിൽ കേസെടുത്തു. ഐ.ടി. ആക്ട് പ്രകാരമുള്ള കേസ് ഇൻസ്‌പെക്ടർ സിബി ടോമിൻ അന്വേഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് നടപടി.താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ എടുത്താണ് അപവാദ പ്രചാരണം നടത്തുന്നത് എന്ന് സ്മിത പറഞ്ഞു. ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്ത ചിത്രം വച്ചാണ് പ്രചാരണം. അബുദാബിയിൽ വച്ച് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ പരിപാടിയാണ് വേദി. സ്വന്തം ചിലവിലാണ് അവിടെ പോയതും പങ്കെടുത്തതും. അന്നത്തെ പത്രക്കുറിപ്പ് തയാറാക്കി അനുമതിക്കായുള്ള കാത്തിരിപ്പിനിടെ പകർത്തിയ ചിത്രമാണെന്ന് സ്മിത പറഞ്ഞു.

ആഗോള ബിസിനസ് കോൺഫറൻസ് കവർ ചെയ്തുള്ള പരിചയം ലഭിക്കുമെന്ന ലക്ഷ്യത്തിലാണ് സ്വന്തം പണം മുടക്കി അബുദാബിക്ക് പോയത്. പങ്കെടുക്കുന്ന വിവരം കൊച്ചിയിലെ മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്തിരുന്നു. അവിടെയുള്ള സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സർക്കാർ ഒരു തരത്തിലും ചെലവ് വഹിക്കേണ്ടി വന്നിട്ടില്ല.ഗള്‍ഫ് ന്യൂസ്, റോയിട്ടേഴ്‌സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ തുടങ്ങിയ മാധ്യമങ്ങൾ പങ്കെടുത്ത്‌ കവർ ചെയ്ത പരിപാടിയാണ്. താൻ സ്വന്തം തൊഴിലാണ് ചെയ്തത്. കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മാനസിക വിഷമത്തിനു കാരണമാക്കിയിട്ടുണ്ട്. അന്ന് തന്നെ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് സ്മിത പറഞ്ഞു.

ഔദ്യോഗിക പ്രതിനിധിയല്ലാത്ത സ്മിത പങ്കെടുത്തു, ചട്ടലംഘനം നടന്നു എന്ന് പരാമർശിച്ചുകൊണ്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ സ്മിത 2007 മുതൽ കൊച്ചിയിൽ പി.ആർ. ഏജൻസി നടത്തുകയാണ്.

You might also like

-