കള്ളപ്പണം വെളുപ്പിക്കല്‍ ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഇ.ഡി രജിസ്റ്റര്‍ കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഇ.ഡി രജിസ്റ്റര്‍ കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍ എന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചു. കോടതി മുമ്പാകെ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വപ്ന, സരിത്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് അഞ്ചാം പ്രതിയായി ശിവശങ്കറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ ശിവശങ്കറിനെ വിശ്രമിക്കാൻ അനുവദിക്കണമെന്നും കോടതി പറഞ്ഞു.ഇതിന് പുറമെ ഭാര്യയും സഹോദരനുമടക്കം മൂന്ന് കുടുംബാംഗങ്ങൾക്ക് ശിവശങ്കറിനെ കാണാൻ അനുവാദമുണ്ട്. ആവശ്യമെങ്കിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ശിവശങ്കറിന് വൈദ്യസഹായം ലഭ്യമാക്കണം. ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നും അവർ പറഞ്ഞു. ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എൻഫോഴ്സ്മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കർ ജഡ്ജിക്ക് സമീപം എത്തി സംസാരിച്ചു. തുടർച്ചയായ ചോദ്യം ചെയ്യാൻ പാടില്ലെന്നും രണ്ട് മണിക്കൂർ കൂടുമ്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ചോദ്യം ചെയ്യലിനിടെ വിശ്രമം അനുവദിച്ചത്
ഇന്നു രാവിലെ പത്തരയോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ശിവശങ്കറെ ഹാജരാക്കിയത്. കസ്റ്റംസ് കസ്റ്റഡിയില്‍ പീഡനം നേരിടുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും കോടതിയില്‍ ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം ഇ.ഡി. ഒരുക്കണമെന്നും മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസിൽ എത്തിയത്.