ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും
ശിവശങ്കറെ വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് എന്‍ഐഎ. സെക്രട്ടേറിയറ്റിലേതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തിയാകും തീരുമാനം
കൊച്ചി :സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ശിവശങ്കര്‍ എന്‍ഐഎ ഓഫിസില്‍ നിന്ന് മടങ്ങി തിരുവനന്തപുരത്തേക്ക് മടങ്ങി. എന്‍ഐഎ സംഘം ഇന്ന് പത്തര മണിക്കൂറാണ് ചോദ്യംചെയ്തത്. ശിവശങ്കറെ വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്ന് എന്‍ഐഎ. സെക്രട്ടേറിയറ്റിലേതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തിയാകും തീരുമാനം. കെ.ടി.റമീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും നിര്‍ണായകമാകും. ഇന്നലെ ശിവശങ്കറിനെ ഒന്‍പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു..
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘത്തിന്റെ രണ്ടാം വട്ട ചോദ്യം ചെയ്യലാണ് ഇന്ന് പൂര്‍ത്തിയായത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8. 30 യോടെയാണ് പൂര്‍ത്തിയായത്. കൊച്ചി എന്‍ഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.കഴിഞ്ഞ ദിവസവും എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തോട് എന്‍ഐഎ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു. എന്‍ഐഎ ഒരുക്കി നല്‍കിയ താമസസ്ഥലത്താണ് ശിവശങ്കര്‍ താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ശിവശങ്കറിന് കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതെന്നും സൂചനയുണ്ട്.