സിറോ മലബാർ സഭയിൽ വീണ്ടും കലാപം വിമത വൈദികരുടെ പ്രമേയം ഇടവകകളിൽ വായിക്കും

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ വിമത വൈദികരുടെ നേതൃത്വത്തിൽ പ്രമേയം വായിക്കും. വൈദികർക്ക് ഒപ്പം വിശ്വാസികളെയും രംഗത്തിറക്കി കർദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം

0

കൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ വിമത വൈദികരുടെ നേതൃത്വത്തിൽ പ്രമേയം വായിക്കും. വൈദികർക്ക് ഒപ്പം വിശ്വാസികളെയും രംഗത്തിറക്കി കർദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം. എന്നാൽ വിമതനീക്കത്തെ പ്രതിരോധിക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.

ഭരണചുമതലയിലേക്കുള്ള കർദിനാളിന്റെ തിരിച്ച് വരവിനും സഹായമെത്രാൻമാരെ പുറത്താക്കിയ നടപടിക്കും പിന്നാലെ സഭ മുൻപെങ്ങും കാണാത്ത പ്രശ്ങ്ങളിലേക്കാണ് നീങ്ങുന്നത്. മെത്രാൻ മാരേയോ വൈദികരേയോ കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചാൽ തെരുവിൽ ഇറങ്ങുമെന്ന വൈദികരുടെ മുന്നറിയിപ്പിന്റെ ആദ്യപടിയെന്നോണം നാളെ അതിരൂപതയ്ക്ക് കീഴിലെ ഇടവകകള്‍ തോറും കർദിനാളിനെതിരായ പ്രമേയം പാസാക്കാനാണ് നീക്കം. 320 ഇടവകള്‍ ഉള്ള രൂപതയിലെ 280 ഓളം ഇടവകകളിലും പ്രമേയങ്ങൾ വായിക്കുമെന്നാണ് കർദിനാള്‍ വിരുദ്ധ പക്ഷം അറിയിക്കുന്നത്.

വിമതനീക്കങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കാനാണ് സഭാ തീരുമാനം. പ്രമേയം പള്ളികളിൽ വായിക്കുന്നത് ഒഴിവാക്കാൻ നേതൃത്വം ഫെറോന ഭാരവാഹികളോട് ആവശ്യപ്പെട്ടു. സിനഡിൽ വികാരി ജനറലിനെ വിളിച്ചു വരുത്തി ഇക്കാര്യം ധരിപ്പിച്ചു. വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നാണ് സൂചന. മറ്റ് രൂപതകളിലേക്ക് സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടികള്‍ ആലോചിച്ചേക്കും. വിമത വൈദികർ നിലപാട് മാറ്റിയില്ലെങ്കിൽ വിവരം വത്തിക്കാന്റെ ശ്രദ്ധയിൽ പെടുത്താനും സിനഡ് യോഗത്തിൽ തീരുമാനമായി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് എന്ന വിമതവൈദികരുടെ ആവശ്യം സഭാ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. അടുത്ത മാസം ചേരുന്ന സമ്പൂർണ സിനഡിലാകും വിഷയങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.

തൃക്കാക്കരയിലെ വിവാദ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഹർജി ഇന്ന് എറണാകുളം ചീഫ് ജു‍ഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. വ്യാജപട്ടയം ഉണ്ടാക്കിയെന്ന കേസാണ് കോടതി പരിഗണിക്കുക. ഹർജിക്കാരനിൽ നിന്ന് കോടതി മൊഴി എടുക്കും.

You might also like

-