കെവിൻ വധക്കേസിൽ ആരോപണ വിധേയനായ എസ് ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
കെവിൻ വധക്കേസിൽ ആരോപണ വിധേയനായ എസ് ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഷിബുവിനെ സർവീസിൽ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ പിതാവ് ജോസഫ് ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
കെവിൻ കേസിൽ ഗുരുതര വീഴ്ച വരുത്തിയ ഷിബുവിനെ എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെയുടെ നിർദ്ദേശപ്രകാരമാണ് സർവീസിൽ തിരിച്ചെടുത്തത്. ജൂനിയർ എസ്‌ഐ ആയി തരം താഴ്ത്തിയ ഷിബുവിന് ഇടുക്കിയിലായിരുന്നു നിയമനം നൽകിയിരുന്നത്. അതോടൊപ്പം ഷിബുവിന്റെ ആനുകൂല്യങ്ങളും ശമ്പള വർധനയും തടയാനും സീനിയോറിറ്റി വെട്ടിക്കുറയ്ക്കാനും ശുപാർശയുണ്ടായിരുന്നു. പിരിച്ചു വിടുന്നതിനു നിയമ തടസ്സമുണ്ടെന്നും വിശദമായ പരിശോധന വേണ്ടിവരുമെന്നുമായിരുന്നു പൊലീസ് അധികാരികളിൽ നിന്നും ലഭിച്ച വിവരം.
ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് മാധ്യമങ്ങളിൽ വാർത്തയാകുകയും പരാതിയുമായി കെവിന്റെ ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തതോടെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു. ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയത്.