ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ? എന്ന് പരിശോധിക്കണം ? എം എം മണി
കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം.സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നും തങ്ങള്‍ക്കറിയില്ല.
കട്ടപ്പന | ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെതിരെ വിവാദ പ്രസ്താവനയുമായി എം എം മണി എംഎല്‍എ. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എംഎം മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം.സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നും തങ്ങള്‍ക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. തങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ലെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മാതാവ് മരിച്ചു. ത്രേസ്യാമ്മ (90)യാണ് മരിച്ചത് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.