റഷ്യയില്‍ സംഗീത നിശയ്ക്കിടെ വെടിവെയ്പ്പ് : 60 മരണം
സൈനിക വേഷത്തിലെത്തിയ അഞ്ച് അംഗസംഘം യന്ത്ര തോക്കുകളുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ഡൽഹി: റഷ്യയിൽ 60 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ. ഹീനമായ ഭീകരാക്രമണമാണ് നടന്നത്. റഷ്യൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നതായാണ് പുതിയ റിപ്പോർട്ട്.
സൈനിക വേഷത്തിലെത്തിയ അഞ്ച് അംഗസംഘം യന്ത്ര തോക്കുകളുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ പരിപാടി നടന്ന ഹാളിന് തീ പിടിച്ചു. കെട്ടിടം പൂർണമായി കത്തിയമർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.
അക്രമികൾ തുടർച്ചയായി വെടിയുതിർത്തെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആറായിരത്തോളം പേർ ഹാളിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. റഷ്യയിൽ ജാഗ്രതാ നിർദേശം നൽകി പരിശോധന ശക്തമാക്കിയിട്ടുണ്ട്. അക്രമണത്തെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികൾ റഷ്യ റദ്ദാക്കിയിട്ടുണ്ട്.