എം. ശിവശങ്കർ ഐ.എ. എസിനെ മാറ്റി. പകരം മിർ മുഹമ്മദിന് ചുമതല

തന്റെ ഓഫീസ് സ്വർണക്കടത്ത് കേസിൽ സംശയ നിഴലിൽ ആയതിൽ കടുത്ത രോഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ .

0

തിരുവനതപുരം :മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കർ ഐ.എ. എസിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

തന്റെ ഓഫീസ് സ്വർണക്കടത്ത് കേസിൽ സംശയ നിഴലിൽ ആയതിൽ കടുത്ത രോഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കോവിഡ് പ്രതിരോധത്തിനിടയിൽ സർക്കാരിനെതിരെ വരുന്ന ആക്ഷേപങ്ങൾ ഒന്നിന് പിറകെ ഒന്നായി നാണക്കേട് ആവുകയാണ്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി -ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും.

അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജന്‍സ് അറിയിച്ചു. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് സൂചന നല്‍കി.

നയതന്ത്ര പരിരക്ഷ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ കേസിലെ ആസൂത്രക ഐടി വകുപ്പിലെത്തിയതും ഐടി സെക്രട്ടറിയുമായുള്ള അവരുടെ ബന്ധവും കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങകയാണ്. നിയമനം താൻ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കരന്‍റെ നില കൂടുതൽ പരുങ്ങലിലായത്.

ക്രൈംബ്രാഞ്ച് കേസിലെ പ്രതി, യുഎഇ കോൺസലേറ്റിൽ നിന്ന് പുറത്താക്കിയയാൾ എങ്ങനെ ഐടി വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തം. ഐടി സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധം നിയമനത്തിന് കാരണമായിട്ടുണ്ടെങ്കിൽ അത് വലിയ പ്രശ്നമാകും. സ്വപ്ന നിയമിക്കപ്പെട്ടത് ഏത് പദ്ധതിയിൽ? അവർ നിർവഹിക്കുന്ന ദൗത്യമെന്ത്? സ്വർണക്കടത്തു കേസിൽ പ്രമുഖരുടെ പങ്കാളിത്തമുണ്ടായിട്ടുണ്ടോ? ഈ ചോദ്യങ്ങൾ വരും ദിനങ്ങൾ സംസ്ഥാന രാഷ്ട്രീയ രംഗത്ത് സജീവമാകും

You might also like

-