ഷാരോൺ വധം ശിക്ഷാവിധി തിങ്കളാഴ്ച ഗ്രീഷ്മയ്ക്ക് പിശാചിന്റെ മനസ്

24 വയസ് മാത്രമാണ് പ്രായമെന്നും പരമാവധി ഇളവ് നൽകണമെന്നും ​ഗ്രീഷ്മ അപേക്ഷിച്ചു.. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ​ഗ്രീഷ്മ കോടതിക്ക് കൈമാറി ഇന്നലെ കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.

തിരുവനന്തപുരം| പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച.ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിനിടെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് കോടതി ​ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പറയാൻ ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ പറഞ്ഞതോടെ ഗ്രീഷ്മയെ ജഡ്ജ് അടുത്തേയ്ക്ക് വിളിക്കുകയായിരുന്നു. ഗ്രീഷ്മ ആവശ്യങ്ങൾ എഴുതി നൽകി. ഇതിന് പിന്നാലെ ഗ്രീഷ്മ എഴുതി നൽകിയ കാര്യങ്ങൾ പരിശോധിച്ചു. പിന്നാലെ ജഡ്ജി ​ഗ്രീഷ്മയോട് കാര്യങ്ങൾ നേരിട്ട് ചേദിച്ചറിഞ്ഞു. കൂടുതൽ കാര്യങ്ങൾ ​ഗ്രീഷ്മ വിശദീകരിച്ചു. തുട‍ർ‌ന്ന് പഠിക്കണമെന്ന് കോടതിയോട് അഭ്യ‍ർത്ഥിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകൾ ജഡ്ജിയെ കാണിച്ചു. തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്ന് ഗ്രീഷ്മ അറിയിച്ചു. 24 വയസ് മാത്രമാണ് പ്രായമെന്നും പരമാവധി ഇളവ് നൽകണമെന്നും ​ഗ്രീഷ്മ അപേക്ഷിച്ചു.. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ​ഗ്രീഷ്മ കോടതിക്ക് കൈമാറി ഇന്നലെ കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.

കേസ് അപൂർവങ്ങളിൽ അപൂർവമെന്നായിരുന്നു പ്രോസിക്യുഷൻ്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് കൊന്നത്. യഥാർത്ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസ്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കൊന്നത്. പ്രണയമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തിയാണ് കൊലപാതകം. ​ഗ്രീഷ്മയ്ക് ചെകുത്താന്റെ ചിന്ത. ഒരു തവണ പരാജപ്പെട്ടപ്പോൾ വീണ്ടും ശ്രമം നടത്തി. ക്രൂരനായ ഒരാൾക്കെ അങ്ങിനെ ചിന്തിക്കാൻ കഴിയൂ. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ തീരുമാനം നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങൾ നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ ഉണ്ട്. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദത്തെ പ്രതിഭാ​ഗം ചോദ്യം ചെയ്തു. സാഹചര്യതെളിവുകൾ മാത്രം വെച്ച് എങ്ങനെ വധശിക്ഷ നൽകാൻ കഴിയുമെന്ന ചോദ്യമാണ് പ്രതിഭാ​ഗം ഉന്നയിച്ചത്. പ്രതിക്ക് ആൻ്റി സോഷ്യൽ സ്വഭാവമില്ലെന്നും ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്നും പ്രതിഭാഗം ‌വാദിച്ചു. ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പലതവണ ശ്രമിച്ചു. ഗ്രീഷ്മ ഷാരോണിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചെന്നും ഷാരോൺ പിൻമാറിയില്ലെന്നും ​പ്രതിഭാ​ഗം അഭിഭാഷകൻ ആരോപിച്ചു. ഷാരോൺ കിടപ്പുമുറിയിൽ നിന്നുള്ള പടം എടുത്തത് എന്തിനെന്ന് ചോദിച്ച പ്രതിഭാ​ഗം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ ഷാരോൺ ഫോണിൽ സൂക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചു.ഈ ബന്ധത്തിൽ നിന്ന് പുറത്തു വരാൻ ഗ്രീഷ്മയെ ഷാരോൺ അനുവദിച്ചിരുന്നില്ല. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി ഫോട്ടോ എടുത്ത് ഷാരോൺ സൂക്ഷിച്ചു. ഗ്രീഷ്മ ഒരു ചിത്രം പോലും സൂക്ഷിച്ചിരുന്നില്ല. തനിക്ക് കിട്ടാത്തത് ആർക്കും കിട്ടരുത് എന്ന് ഷാരോൺ ഉറപ്പിച്ചിരുന്നു. ഷാരോൺ നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപെടുത്തി. ഒരു പെൺകുട്ടിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു ഷാരോണിന്റെ പെരുമാറ്റമെന്നും അതുകൊണ്ടാണ് കുറ്റകൃത്യത്തിന് മുതിരേണ്ടി വന്നതെന്നും പ്രതിഭാ​ഗം വാദിച്ചു. നേരത്തെ തയ്യാറാക്കിയ പ്ലാൻ ആയിരുന്നില്ല ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തമാണെന്നും 10 വർഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തിൽ ഉണ്ടെന്നും പ്രതിഭാ​ഗം വാദിച്ചു. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം നടപ്പിലാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്നും പ്രതിഭാഗം വാദിച്ചു.ഇരുവിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.

നേരത്തെ ഗ്രീഷ്മയെയും അമ്മാവനെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്. 2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്.

You might also like

-