“സ്ഥാനമാനങ്ങൾ തറവാട്ടുസ്വത്തല്ല” മുതിർന്ന നേതാക്കൾക്കെതിരേ തുറന്നടിച്ച് ഷാഫി പറന്പിൽ
ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു
തൃശൂർ: ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. വി.ടി.ബൽറാം എംഎൽഎയ്ക്കു പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരേ തുറന്നടിച്ച് ഷാഫി പറന്പിൽ എംഎൽഎയും രംഗത്തെത്തി. സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ലെന്നു കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും നേതാക്കൾ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ പോവരുതെന്നും ഷാഫി തുറന്നടിച്ചു. ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാൻ പി.ജെ.കുര്യൻ തയാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു.
യുവത്വത്തിന്റെ പ്രസരിപ്പിൽ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ നേതാക്കൾ മറക്കരുത്. നിങ്ങൾക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എടുക്കേണ്ട തീരുമാനങ്ങൾ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലൻസിംഗ് അല്ല പ്രതിസന്ധികളിൽ പാർട്ടിക്ക് ആവശ്യം, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആർജവവും കരുത്തുമാണ്. ചില കാര്യങ്ങളോടും, ചിലരോടും, ചിലപ്പോഴെങ്കിലും അവനവനോടും ന്ധചീ’ പറയാനുള്ള ശേഷിയുണ്ടാകണമെന്നും ഇല്ലെങ്കിൽ കോണ്‍ഗ്രസിന്റെ വർത്തമാനകാലം മാത്രമല്ല ഭാവിയും കൂടി ആശങ്കയിലാവുകയാണെന്നും ഷാഫി പറഞ്ഞു.
2005 മുതൽ പി.ജെ.കുര്യൻ രാജ്യസഭയിലുണ്ട്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുവാൻ അദ്ദേഹം തയ്യാറാവണം. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയല്ല, മറിച്ച് ഒരു പുതുമുഖത്തെയെങ്കിലും പരിഗണിക്കണമെന്ന അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഷാഫി പറഞ്ഞു.