ശബരിമലയിലേക്ക് 250 ബസ്സുകൾ ,ശബരീദര്‍ശന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഓരോ മിനിട്ട് ഇടവിട്ട് നോണ്‍ എ.സി ബസ്സുകളും രണ്ട് മിനിട്ട് ഇടവിട്ട് എ.സി ബസ്സുകളും ഉള്‍പ്പെടെ ആകെ 250 ബസ്സുകളാണ് ഈ വര്‍ഷം ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇത്തവണ കെ.എസ്.ആര്‍.ടി.സി മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 24 മണിക്കൂറും കെ.എസ്.ആര്‍.ടി.സി യുടെ ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും.

0

തിരുവനന്തപുരം :മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ മിനിട്ട് ഇടവിട്ട് നോണ്‍ എ.സി ബസ്സുകളും രണ്ട് മിനിട്ട് ഇടവിട്ട് എ.സി ബസ്സുകളും ഉള്‍പ്പെടെ ആകെ 250 ബസ്സുകളാണ് ഈ വര്‍ഷം ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇത്തവണ കെ.എസ്.ആര്‍.ടി.സി മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 24 മണിക്കൂറും കെ.എസ്.ആര്‍.ടി.സി യുടെ ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഇതിനായി 10 ഇലക്ട്രിക് ബസ്സുകളുള്‍പ്പെടെ ആവശ്യാനുസരണം കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സജ്ജീകരിക്കും. എ.സി ബസ്സുകളും നോണ്‍ എ.സി ബസ്സുകളും ഇതില്‍ ഉള്‍പ്പെടും.

നവംബര്‍ 16 മുതല്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ തുടച്ചയായി സര്‍വീസ് ആരംഭിക്കും. ഇലക്ട്രിക് ബസ്സുകള്‍ക്ക് കിലോമീറ്ററിന് നാല് രൂപ ചെലവ് വരും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ഈ ബസ്സുകള്‍ ഓടിക്കും. നിലയ്ക്കലും പമ്പയിലും കെ.എസ്.ആര്‍.ടി.സി വക പെയ്ഡ് ക്ലോക്ക് റൂം സംവിധാനം ഉണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി യുടെ വാലിഡ് ടിക്കറ്റ് ഉള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കും. 24 മണിക്കൂറിനാണ് ക്ലോക്ക് റൂം ഫീസ് നിശ്ചയിക്കുന്നത്. പരമാവധി 48 മണിക്കൂര്‍ വരെ നിശ്ചിത തുക അടച്ച് ലഗ്ഗേജുകള്‍ ഇവിടെ സൂക്ഷിക്കാം. അതിനുശേഷം വരുന്ന ഓരോ ദിവസത്തിനും അധികതുക നല്‍കണം. എയര്‍പോര്‍ട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും തീര്‍ത്ഥാടകരെ സ്വീകരിച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ കൊണ്ടുവിടുന്നതരത്തില്‍ അയ്യപ്പദര്‍ശന ടൂര്‍ പാക്കേജ് ക്രമീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 29 മുതല്‍ ടൂര്‍ പാക്കേജിന് കെ.എസ്.ആര്‍.ടി.സി യുടെ വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ ബുക്കിംഗ് നടത്താം. യാത്രാമധ്യേ ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യവും കൂടാതെ പമ്പാ യാത്രയിലും മടക്കയാത്രയിലും സൗജന്യമായി ഓരോ കുപ്പി കുടിവെള്ളവും കെ.എസ്.ആര്‍.ടി.സി ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസ്സില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനും വൈഫൈ സംവിധാനം ലഭിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

ക്യൂആര്‍ കോഡോടുകൂടിയ ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനമാണ് നടപ്പാക്കുക. സെന്‍ട്രല്‍ സെര്‍വറുമായി ബന്ധപ്പെടുത്തിയതിനാല്‍ യാത്രക്കാരുടെ തിരക്കനുസരിച്ച് സര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനമായിരിക്കും ഇത്തവണ കെ.എസ്.ആര്‍.ടി.സി ക്ക് ഉണ്ടാകുക. ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ടിക്കറ്റും കെ.എസ്.ആര്‍.ടി.സി യുടെ സൈറ്റില്‍ നിന്നു ലഭ്യമാകും.

കെ.എസ്.ആര്‍.ടി.സി യുടെ കണ്ടക്ടര്‍ലെസ് ബസ്സുകളായിരിക്കും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി സൈറ്റില്‍ നിന്ന് ടിക്കറ്റെടുത്തു കഴിഞ്ഞ് പോലീസിന്റെ വെര്‍ച്വല്‍ ക്യൂ ടിക്കറ്റും എടുക്കാം. നിലയ്ക്കലും പമ്പയിലുമായി 15 ടിക്കറ്റ് കൗണ്ടറുകള്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഉണ്ടായിരിക്കും. ഇതു കൂടാതെ 15 കിയോസ്‌കുകളും സജ്ജീകരിക്കും. തുക അടച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇവിടെ നിന്നും ടിക്കറ്റ് ലഭ്യമാകും. എല്ലാ ബുക്കിംഗ് കൗണ്ടറുകളിലും ഇ പോസ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയ്ക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തും. ഇതുമൂലം അപകടം, ബ്രേക്ക് ഡൗണ്‍ എന്നിവ ഉടന്‍തന്നെ അറിയാനും അടിയന്തരമായി കൈകാര്യം ചെയ്യാനും സാധിക്കും.

കെ.എസ്.ആര്‍.ടി.സിയില്‍ 800 ജീവനക്കാരെ മൂന്ന് ഷിഫ്റ്റുകളിലായി ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കും. നോണ്‍ എസി സര്‍വീസുകള്‍ക്ക് 40 രൂപയും എസി സര്‍വീസുകള്‍ക്ക് 75 രൂപയും നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ ഈടാക്കും. മറ്റു ഡിപ്പോകളില്‍ നിന്നുള്ള പമ്പ സര്‍വീസുകളില്‍ നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ പ്രത്യേകം ചാര്‍ജ് ഈടാക്കുകയില്ല. ഭക്തരുടെ അന്വേഷണങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സംവിധാനവും നിലയ്ക്കലും പമ്പയിലും കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ശബരീദര്‍ശന്‍ 2018 വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍.ജെ തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

You might also like

-