കൊലരാഷ്ട്രീയ വിരോധം മൂലം എ പീതാംബരനെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കൃപേഷിനെയും ശരത് ലാലിനെയും ആക്രമിച്ചത് കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികളെന്നും കൊലപാതകത്തിൽ കൂടുതൽ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍കോട്: കാസർകോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃപേഷിനെയും ശരത് ലാലിനെയും ആക്രമിച്ചത് കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികളെന്നും കൊലപാതകത്തിൽ കൂടുതൽ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമം ഇരട്ട കൊലപാതക കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ് ഉടനെന്ന് ഐജി ബലറാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
ഇതിനിടെ കേസില്‍ അറസ്റ്റിലായ സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കസ്റ്റഡി ആവശ്യം എതിര്‍ത്തില്ല. പ്രതിയുടെ മുടിയുടെയും രക്തത്തിന്‍റെയും സാമ്പിൽ എടുക്കുന്നതിനും മറ്റു തെളിവുകൾ ശേഖരിക്കുന്നതിനുമാണ് 7 ദിവസ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
നിരവധി പരിക്കുകൾ കൊല്ലപ്പെട്ടവരിൽ കാണുന്നുണ്ട്. അതു കൊണ്ട് വിശദമായ അന്വേഷണം വേണം. മറ്റുള്ളവരുടെ പങ്ക് പരിശോധിക്കാൻ കസ്റ്റഡി ആവശ്യമാണ്. പ്രതിക്ക് യാതൊരു മാനസിക ശാരിരികമോ ആയ ബുദ്ധിമുട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യ പരിശോധന ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു..
ഇരട്ട കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനെ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ അടക്കമുള്ളവ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ പീതാംബരന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. പീതാംബരനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കല്ല്യോട്ടെ കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പീതാംബരന്റെ അറസ്റ്റ് ഇന്നലെ വൈകീട്ടാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നുച്ചക്ക് ഒരു മണിയോടെ മുഖ്യപ്രതി പീതാംബരനെ തെളിവെടുപ്പിനായി പൊലീസ് കല്ല്യോട്ടെത്തിച്ചു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ റബ്ബർ തോട്ടത്തിലെ കിണറ്റിൽ നിന്ന് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് ഇരുമ്പ് ദണ്ഡുകളും ഒരു വാളുമാണ് കണ്ടെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തേക്ക് കൊണ്ട് പോകാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിച്ചു.