നമ്പി നാരായണനെതിരായ സെന്‍കുമാറിന്‍റെ പ്രസ്താവന മാന്യതയില്ലാത്തത്: സ്പീക്കര്‍,അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം
നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം
തിരുവന്തപുരം :നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ വിമർശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു. ഈ അവാർഡ് ലഭിച്ചതിൽ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ നമ്മൾ ശ്രമിക്കണം. സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. സെൻകുമാർ ബിജെപി അംഗമല്ല. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെൻ കുമാർ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അവാർഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താൽപര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
‘ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുവരുടേത് മാന്യതയില്ലാത്ത നടപടിയാണ്’ – ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്.