കുലശേഖരപുരത്തെ വിഭാഗീയത കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി

കൊല്ലം | ഔദ്യോഗിക വിഭാഗത്തിനെതിരെ വിമതർ തിരുലിറങ്ങി കയ്യാങ്കളിയും തർക്കവും അരങ്ങേറിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്ന്, കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി. നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങളെ നാല് മണിക്ക് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ചർച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നാണ് വിവരം.

കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മില്‍തല്ല് പാര്‍ട്ടിയ്ക്ക് നാണക്കേടായി എന്നാണ് വിലയിരുത്തല്‍. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് തെരുവിലെത്തിയത്. സമ്മേളനത്തില്‍ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത് സംഘർഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ‘സേവ് സിപിഐഎം’ എന്ന പേരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. ഇത് വിവാദമായതോടെ സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗം പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങി.

‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. ഇതേ തുടർന്ന് ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിയിരുന്നു.പ്രതിഷേധം സംഘടിപ്പിച്ചവരില്‍ കൂടുതലും വനിതകളായിരുന്നു. വിഷയത്തില്‍ വളരെ വൈകാരികമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

You might also like

-