ടോക്കിയോയിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ

ടോക്കിയോ ഒളിംപിക്സിൽ പി വി സിന്ധുവിന് വെങ്കല മെഡൽ

0

ടോക്കിയോ ഒളിംപിക്സിൽ പി വി സിന്ധുവിന് വെങ്കല മെഡൽ. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തിലാണ് ചൈനീസ് താരം ഹി ബിന്‍ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ച് സിന്ധു ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 21-13, 21-15

വെങ്കല നേട്ടത്തോടെ ഇരട്ട ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു. സൈന നെഹ്‍വാളിനുശേഷം ഒളിംപിക്സ് വെങ്കലം നേടുന്ന ബാഡ്മിന്‍റണ്‍ താരവുമായി. വെങ്കല ജേതാവിനെ തിരഞ്ഞെടുക്കാന്‍ നടന്ന പോരാട്ടത്തില്‍ മെഡലുറപ്പിച്ചിറങ്ങിയ സിന്ധു കളിയിലുടനീളം നിറഞ്ഞാടുകയായിരുന്നു. എതിരാളിക്ക് ഒരു ഘട്ടത്തിലും മേധാവിത്വം പുലര്‍ത്താന്‍ താരം അവസരം നല്‍കിയില്ല. രണ്ടു ഗെയിമുകളും അനായാസമാണ് സിന്ധു സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സ് ഫൈനലെന്ന പ്രതീക്ഷയുമായി ടോക്യോയിലെത്തിയ പിവി സിന്ധുവിന് സെമി പോരാട്ടത്തില്‍ കാലിടറിയിരുന്നു. ഏകപക്ഷീയ പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനുമുന്‍പിലാണ് താരം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ പൊരുതിനോക്കിയ സിന്ധുവിനെ തായ് സു യിങ് രണ്ടാം ഗെയിമില്‍ നിലംപരിശാക്കുകയായിരുന്നു. റിയോ ഒളിംപിക്‌സില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് കൃത്യമായി കണക്കുതീര്‍ത്തായിരുന്നു യിങ്ങിന്റെ വിജയം.

മെഡല്‍ നേട്ടത്തില്‍ സിന്ധുവിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. സ്ഥിരതയുടെയും സമര്‍പ്പണത്തിന്റെയും മികവിന്റെയും പുതിയൊരു അളവുകോലാണ് സിന്ധു സൃഷ്ടിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അഭിമാനമാണ് സിന്ധുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

You might also like

-