സിപിഎമ്മിനെ ഇനിയും സഹായിക്കും; തങ്ങളെ നിരോധിക്കണമെന്ന അഭിപ്രായം മുഖ്യമന്ത്രിക്കില്ല: എസ്ഡിപിഐ
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ജലീലിന്‍റെ അഭിപ്രായം രാഷ്ട്രീയ പാപ്പരത്തം. എന്തോ പ്രത്യേക താൽപ്പര്യത്തിന്റെ പുറത്താണ് ജലീലിന്റെ പ്രസ്താവന. എസ്ഡിപിഐയെ നിരോധിക്കണമെന്ന അഭിപ്രായം മുഖ്യമന്ത്രിക്ക് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: സിപിഎമ്മിനെ മുൻപ് സഹായിച്ചിട്ടുണ്ടെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്‍ദുള്‍ മജീദ് ഫൈസി. ഇനിയും സഹായിക്കും. അടിസ്ഥാന പരമായി ബിജെപിയാണ് മുഖ്യ ശത്രു. അവരെ തടഞ്ഞ് നിർത്താൻ മറ്റുള്ളവരുമായി സഹകരിക്കും.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ജലീലിന്‍റെ അഭിപ്രായം രാഷ്ട്രീയ പാപ്പരത്തം. എന്തോ പ്രത്യേക താൽപ്പര്യത്തിന്റെ പുറത്താണ് ജലീലിന്റെ പ്രസ്താവന. എസ്ഡിപിഐയെ നിരോധിക്കണമെന്ന അഭിപ്രായം മുഖ്യമന്ത്രിക്ക് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്ന് മന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യം വീണ്ടും ഉയർന്നതോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഐഎസ് റിക്രൂട്ട്മെന്റിൽ ഉൾപ്പെടെ പ്രതിസ്ഥാനത്തു നിൽക്കുന്ന പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ , നിരോധന നീക്കത്തിനെതിരെ സിപിഎം നേതാക്കൾ ആണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ മഹാരാജാസ് കോളേജിൽ സ്വന്തം രക്തം പൊടിഞ്ഞതോടെ നിരോധനം എന്ന ആവശ്യം ഉയർത്തി സിപിഎം നേതാക്കൾ രംഗത്തെത്തുന്നു എന്നതും ശ്രദ്ധേയം.എന്നാൽ വിഷയത്തിൽ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ പ്രതികരണം. സിപിഎമ്മിന്‍റെ എസ് ഡിപിഐ വിരോധം പ്രസ്താവനയിൽ മാത്രമായി ഒതുങ്ങുകയാണ്. അധികാരം കിട്ടാൻ ഏത് ചെകുത്താനേയും സിപിഎം കൂട്ടുപിടിക്കുമെന്നുള്ളതിന്‍റെ തെളിവാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളെന്നും ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ ആരോപിച്ചിരുന്നു.