സ്‌കറിയാ തോമസ്പറയുന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക് ?
നിലവിൽ ഇത്തരം നീക്കങ്ങൾ ഇല്ലെന്നും കേരള കോൺഗ്രസ് (ജേക്കബ്) യുഡിഎഫിന് ഒപ്പമെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു
തിരുവനന്തപുരം :കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് ചൂണ്ടികാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശന സാധ്യതയാണ്, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നത്. യുഡിഎഫില്‍ നിന്ന് അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുപക്ഷത്തോട് അടുപ്പം കാണിക്കുന്ന യാക്കോബായ സഭയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍.ജോസ് കെ. മാണിക്ക് പിന്നാലെ അനൂപ് ജേക്കബിനെയും കൂട്ടരെയും പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണെന്ന് വ്യക്തമാക്കുകയാണ് സ്കറിയ തോമസ്
എന്നാൽ വാർത്താ നിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ രംഗത്തെത്തി. നിലവിൽ ഇത്തരം നീക്കങ്ങൾ ഇല്ലെന്നും കേരള കോൺഗ്രസ് (ജേക്കബ്) യുഡിഎഫിന് ഒപ്പമെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. ഇടതുമുന്നണിയുമായി യാതൊരു തരത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. വാർത്തയെ കുറിച്ച് സ്കറിയ തോമസിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പിറവം സീറ്റിനെ കേന്ദ്രീകരിച്ചാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും സ്കറിയ തോമസ് പറഞ്ഞു ഇടതു മുന്നണിയുമായി സഭ ഇടപെട്ട് ചർച്ചകൾ നടത്തിയതായും സ്കറിയ തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി അനൂപെത്തിയാല്‍ പിറവത്ത് വിജയിക്കാനാകില്ലെന്ന് സ്കറിയ തോമസ് ചൂണ്ടിക്കാട്ടുന്നു.സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി ഇ.പി. ജയരാജന്‍റെ വാക്കുകള്‍. സംയുക്ത കേരള കോൺഗ്രസാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ സ്കറിയ തോമസ് ഇടത് മുന്നണിക്ക് കീഴില്‍ കേരളകോണ്‍ഗ്രസുകള്‍ ഒന്നിക്കാനുള്ള സാധ്യതകളും തള്ളുന്നില്ല