ദളിതക്രമണണം പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി: സര്‍ക്കാര്‍ നീക്കം ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
ഡൽഹി :ദളിതര്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അക്രമം തടയല്‍ ഭേദഗതി ബില്‍ ലോക്‌സഭ വോട്ടോടെ പാസാക്കി. ദളിതര്‍ക്കെതിരേ അതിക്രമം നടന്നാല്‍ പ്രാഥമിക അന്വേഷണമോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ബില്‍.സുപ്രീം കോടതി ലഘൂകരിച്ച പട്ടിക ജാതി, വര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ സമ്മതം മൂളിയിരുന്നു. നിയമം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ഈ മാസം ഒന്‍പതിന് ഭാരത് ബന്ദിന് ഒരുങ്ങുന്നതിനിടയിലാണ് സര്‍ക്കാര്‍ ബില്ലിന് അനുമതി നല്‍കിയത്. ബില്‍ ഈ ആഴ്ചതന്നെ രാജ്യസഭയും അംഗീകരിക്കും.
ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പരാതികള്‍ ഉയരുന്നുവെന്നും ഇത് നിരപരാധികള്‍ ശിക്ഷിപ്പെടാന്‍ കാരണമാകും എന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഈ നിയമം ലഘൂകരിച്ചത്. എന്നാല്‍ വ്യാജപരാതികളുടെ എണ്ണം വളരെക്കുറവാണെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സാമൂഹിക ക്ഷേമമന്ത്രി തവര്‍ചന്ദ് ഗെഹ്ലോത് പറഞ്ഞു. ആകെ കേസുകളില്‍ പത്തുമുതല്‍ 12 വരെ ശതമാനമേ വ്യാജ പരാതികളുടെ അടിസ്ഥാനത്തിലുള്ളൂ.
ആ സാഹചര്യത്തില്‍, നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിന്നാക്കം പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ബില്‍ ഭരണഘടനയുടെ ഒമ്ബതാം പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.
ഇത്തരം പരാതികളില്‍ അറസ്റ്റ് വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടം ഉറപ്പു നല്‍കുന്ന അധികാരം എടുത്തുകളയാന്‍ കഴിയില്ലെന്ന് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. കേസുകളില്‍ പ്രാഥമിക അന്വേഷണമില്ലാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. അറസ്റ്റു ചെയ്യാനും അനുമതി ആവശ്യമില്ല. കോടതി വിധികള്‍ ബില്ലിലെ ഭേദഗതികള്‍ക്ക് തടസമല്ലെന്നും പറയുന്നു.
പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം സംരക്ഷിക്കുന്നതിന് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരണമെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമായിരുന്നു ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ദളിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അവരുടെ സംരക്ഷണത്തിനായുള്ള നിയമം ദുര്‍ബലമാക്കിയ നടപടിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ തന്നെ ഘടകകക്ഷികള്‍ രംഗത്ത് വന്നിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിതരെ പിണക്കാതിരിക്കാനുള്ള നീക്കമാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രശ്‌നത്തിന്റെ പേരില്‍ എന്‍ഡിഎ സഖ്യത്തില്‍നിന്നു പിരിയാന്‍ മടിച്ചേക്കില്ലെന്ന് എല്‍ജെപി നേതാവ് റാംവിലാസ് പസ്വാന്‍ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ദളിതര്‍ അഖിലേന്ത്യതലത്തില്‍ ഈ നിയമത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, എസ് എസി/എസ് ടി ചട്ടത്തില്‍ വെള്ളം ചേര്‍ക്കുന്നതരത്തില്‍ സുപ്രീം കോടതിയില്‍ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് എകെ ഗോയലിനെ അദ്ദേഹം കോടതിയില്‍ നിന്നും വിരമിച്ച ഉടനെ ദേശീയ ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷനാക്കിയ നടപടിക്കെതിരേയും ദളിത് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ നിയമനത്തിലൂടെ പട്ടികജാതി, പട്ടികവര്‍ഗ നിയമത്തിന് എതിരായി വിധി പ്രഖ്യാപിച്ചതിന് അര്‍ഹമായ പ്രതിഫലം അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കി എന്ന വികാരമാണ് ദളിതര്‍ക്കുള്ളത്.