കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് സുപ്രിംകോടതി

നിയമം തത്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ചർച്ചകൾ നടത്തി കൂടെ എന്ന് കോടതി ചോദിച്ചു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. അങ്ങനെ എങ്കിൽ കോടതി നിയമം സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

0

ഡൽഹി :കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കര്‍ഷക സമരം കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചതായി ഓര്‍മിപ്പിച്ചു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണെന്നും എല്ലാ കര്‍ഷകരും നിയമത്തിന് എതിരല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അതൃപ്തി രേഖപ്പെടുത്തുകയാണ് സുപ്രിംകോടതി ചെയ്തത്. പ്രശ്‌നപരിഹാരത്തിന് കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. തങ്ങള്‍ നിരാശരാണെന്നും ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്‌ഡെ വ്യക്തമാക്കി.
നിയമം തത്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ചർച്ചകൾ നടത്തി കൂടെ എന്ന് കോടതി ചോദിച്ചു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. അങ്ങനെ എങ്കിൽ കോടതി നിയമം സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്, മുതിർന്ന അഭിഭാഷകർ എന്നിവർ അടക്കമുള്ള സമിതിയെ കോടതി നിശ്ചയിക്കും.സമിതിയുമായുള്ള ചർച്ചക്ക് വഴിയൊരുക്കുന്നതിനാണ് സ്റ്റേ എന്ന് കോടതി വ്യക്തമാക്കി. സമരം തുടരാൻ കർഷകരെ അനുവദിക്കുമെങ്കിലും കോടതി പറയുന്ന സ്ഥലത്തേക്ക് സമര വേദി മാറ്റേണ്ടി വരും. സമരം ചെയ്യുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് വീടുകളിലേക്ക് മടങ്ങി പോകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുവെന്ന് പറയാൻ കർഷകരുടെ അഭിഭാഷകരെ ചുമതലപ്പെടുത്തി.

തീരുമാനം എടുക്കാൻ 15ആം തിയ്യതിയിലെ ചർച്ച കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ആളുകളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശമാണ് ഏറ്റവും പ്രധാനമെന്ന് കോടതി വിശദീകരിച്ചു.

You might also like

-