ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തതായി സൗദി സഖ്യസേന
വിദൂര നിയന്ത്രിത ബോട്ടുകളും കടൽമൈനുകളും നിർമിക്കുന്ന ഹൂതികളുടെ 4 കേന്ദ്രങ്ങളാണ് തകർത്തതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
സൗദി :സൗദിയിൽ ആരാംകോ ആക്രമണത്തിന് പിന്നാലെ യമനിലെ ഹുദൈദയിൽ ഹൂതി ഭീകര കേന്ദ്രങ്ങൾ സൗദി സഖ്യസേന തകർത്തു. വിദൂര നിയന്ത്രിത ബോട്ടുകളും കടൽമൈനുകളും നിർമിക്കുന്ന ഹൂതികളുടെ 4 കേന്ദ്രങ്ങളാണ് തകർത്തതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. ഹുദൈദ തുറമുഖമാണ് ഹൂതികളുടെ ഭീകരാക്രമണ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.
ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്കും വ്യാപാരത്തിനും തടസ്സം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് സഖ്യസേന സൈനിക നടപടിയിലൂടെ തകർത്തത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും സാധാരണ ജനങ്ങൾക്ക് ആൾനാശമുണ്ടാക്കിയിട്ടില്ലെന്നും സഖ്യസേന അറിയിച്ചു.
ഹുദൈദയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഹൂതി ബോട്ട് നേരത്തെ സഖ്യസേന പിടികൂടിയിരുന്നു. അബ്ഖൈക്, ഖുറൈസ് എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നെങ്കിലും സൗദി അത് അംഗീകരിച്ചിട്ടില്ല. അതേ സമയം ഇറാൻ പിന്തുണയോടെ ഹൂതികൾ ഹോർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് തടയാൻ അന്താരാഷ്ട്ര നാവിക സുരക്ഷ സഖ്യത്തിൽ സൗദിയും അംഗമായിട്ടുണ്ട്.അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൺ, ആസ്ത്രേലിയ, ബഹ്റൈൻ രാജ്യങ്ങളും സഖ്യത്തിൽ അംഗങ്ങളാണ്. കടൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള ശക്തമായ നടപടികളുമായി സഖ്യം മുന്നോട്ടുപോവുകയാണ്.