‘ഹിന്ദു പാകിസ്ഥാന്‍’ വിവാദ പരാമര്‍ശം; ശശി തരൂരിനെതിരെ കോടതി കേസെടുത്തു
ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും എന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രസ്താവന
കൊല്‍ക്കത്ത: ശശി തരൂര്‍ എം.പിയുടെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് നിര്‍ദ്ദേശം. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചും ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും കാണിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും എന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രസ്താവന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കമെന്ന് ശശി തരൂര്‍ എം.പി. അങ്ങിനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്റു പ്രതിഭാ പുരസ്കാരം സമ്മാനിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
അതേസമയം ഹിന്ദു പാകിസ്ഥാന്‍ എന്ന പരാമര്‍ശം ശശി തരൂര്‍ ആവര്‍ത്തിച്ചു. വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രത കാട്ടണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ തന്റെ പരാമര്‍ശം ആവര്‍ത്തിച്ചത്. ഹിന്ദു പാകിസ്ഥാന്‍ എന്നത് സംഘി ഹിന്ദുത്വ രാഷ്‌ട്രമാണെന്ന് വിശദീകരണത്തോടെയാണ് തരൂര്‍ പരാമര്‍ശം ആവര്‍ത്തിച്ചത്. 2013 മുതല്‍ താന്‍ ഇതു പറയുന്നതാണ്. ബി.ജെ.പി അധികാരത്തിലെത്തിയിരിക്കുന്നത് ഭരണ ഘടന മാറ്റാനാണെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡേ പറഞ്ഞിട്ടുണ്ട്. പുതിയ ഹിന്ദുത്വ ഭരണഘടനയുടെ പണിപ്പുരയിലാണ് താനെന്ന് ആര്‍.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.അതേസമയം പരാമര്‍ശം മുതലാക്കി കോണ്‍ഗ്രസിനെതിരെ വലിയ പ്രചാരണത്തിനാണ് ബിജെപി തുടക്കം തുടക്കം കുറിച്ചത്. എന്നാല്‍ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ശശി തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്