ദുരന്തം നേരിടാൻ കേരളത്തിന് സഹായം നല്കാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് ശശി തരൂർ തടസ്സം കേന്ദ്ര സർക്കാർ

എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 മില്യണോ 10 മില്യണോ വന്നാൽ അതു ഉപയോഗിക്കണമെന്നും തരൂർ പറഞ്ഞു

0

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നൽകാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് ശശി തരൂർ എം.പി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ അനുമതിയാണ് വേണ്ടത്. ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. യു.എന്നുമായി ചർച്ച നടത്തിയത് വ്യക്തിപരമായാണ്. ഇന്ത്യ സ്വീകരിക്കുമെങ്കിൽ യുഎൻ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കും. വിഭവസമാഹരണത്തിന് രാജ്യാന്തരസമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഭുജ്ജിന് വേണ്ടി ഇത്തരത്തിൽ അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനം നടത്തിയിരുന്നതായി തരൂർ പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയിൽ 20,000 കോടി കേന്ദ്രസർക്കാരിൽ നിന്ന് പ്രതീക്ഷിക്കാൻ ആകില്ലെന്ന് ശശി തരൂർ പറഞ്ഞു. ഓഖി ദുരന്തം നടന്നപ്പോൾ ഇത് വ്യക്തമായതാണ്. അന്താരാഷ്ട്ര സഹായം വേണ്ടെന്ന കേന്ദ്ര നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. സുനാമി വന്നപ്പോൾ കേന്ദ്ര സർക്കാർ എല്ലാ സഹായങ്ങളും നൽകിയിരുന്നു. അന്ന് അന്താരാഷ്ട്ര സഹായം ആവശ്യമില്ലായിരുന്നു. മൻമോഹൻ സിംഗ് പറഞ്ഞ നിയമം മോഡി സർക്കാർ മാറ്റിയിട്ടുണ്ട്. ഇങ്ങോട്ട് വരുന്ന സഹായം വാങ്ങണമെന്ന് 2016ലെ പ്ലാനിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പറ്റില്ലെങ്കിൽ തീർച്ചയായും അന്താരാഷ്ട്ര സഹായം വാങ്ങണമെന്നും ശശി തരൂർ പറഞ്ഞു.

ജനീവ സന്ദർശനം മുഖ്യമന്ത്രി അറിയിച്ചിരുന്നെന്ന് ശശി തരൂർ പറഞ്ഞു. ഫോണിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയെ അടുത്ത ദിവസം തന്നെ കാണാൻ ശ്രമിക്കും. യുഎഇ വാഗ്ദാനത്തിൻറെ കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിനില്ല. യുഎഇയിൽ പലരും സഹായം നൽകാൻ തയാർ ആണെന്നതിൽ സംശയമില്ല. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 മില്യണോ 10 മില്യണോ വന്നാൽ അതു ഉപയോഗിക്കണമെന്നും തരൂർ പറഞ്ഞു.

പ്രളയത്തിൻറെ കാരണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികളെ ഉൾപ്പെടുത്തി സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അത് രാഷ്ട്രീയമായി വിരൽ ചൂണ്ടാൻ അല്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആണിത്. മനുഷ്യ നിർമ്മിതമായ പങ്കു കണ്ടെത്തണം. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണമാണ് വേണ്ടത്. നിക്ഷ്പക്ഷമായ അന്താരാഷ്ട്ര അനുഭമുള്ള സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് അന്വേഷിക്കണം. വെള്ളം തുറന്നു വിട്ടതിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു.ദീർഘകാല ആവശ്യങ്ങൾക്ക് അന്തരാഷ്ട്ര സഹായം വേണമെന്ന് ശശി തരൂർ പറഞ്ഞു. ലോകാരോഗ്യ സംഘടന കോളറ വാക്‌സിൻ നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

You might also like

-