ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം തടഞ്ഞു

ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് പ്രതികരിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു

0

തിരുവനന്തപുരം| ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. തിരുവനന്തപുരം നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് അഡീഷണൽ സെഷൻസ് കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്നും ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.
ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നൽകിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ ആധാരം കാണണമെന്ന് താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉമർ ശരീഫ് പറയുന്നു.പ്രോപ്പർട്ടിയിൽ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു. 2023 ജൂൺ 23ന് കരാർ വെച്ചിരുന്നു. രണ്ട് മാസമായിരുന്നു കാലാവധി. ആദ്യഘട്ടത്തിൽ 15 ലക്ഷമാണ് കൊടുത്തത്. രണ്ടു തവണയായി 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. 5 ലക്ഷം പണമായി വേണമെന്ന് ആവശ്യപ്പെട്ടതിനാൽ ഡിജിപിയുടെ ചേംബറിൽ പോയി കൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിൻമാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷമായി തരുന്നില്ല. അവഹേളിക്കണമെന്ന് ആ​ഗ്രഹമില്ല. പണം തരാത്തതിനാലാണ് നിയമപരമായി നീങ്ങിയത്. അങ്ങനെയാണ് കോടതി ജപ്തി ചെയ്യുന്നത്. എന്തുകൊണ്ടാണ് പണൺ തരാതെ ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും പരാതിക്കാരൻ പറയുന്നു.

അതേസമയം, ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് പ്രതികരിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറയുന്നു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പ്രതികരിച്ചു.

You might also like

-