പണി മനസ്സിലാക്കി തരാം’ സാബു ജീവനൊടുക്കുന്നതിന് മുന്‍പ് സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു; ശബ്ദരേഖ പുറത്ത്

അഞ്ച് ലക്ഷം രൂപ വച്ച് മാസം മാസം തരാമെന്ന് ബോര്‍ഡ് മെമ്പേഴ്സ് കൂടി പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ അഞ്ച് ലക്ഷം ഞങ്ങൾക്ക് തരാൻ കഴിയില്ലെന്നും പൈസയെല്ലാം ലോൺ ആയി കിടക്കുവാണെന്നും പറഞ്ഞു. മൂന്ന് ലക്ഷം വീതം തരാമെന്ന് പറഞ്ഞു. ജനുവരിയിൽ മാത്രം മൂന്ന് ലക്ഷം തന്നു. പിന്നെ ഒരു ലക്ഷവും പലിശയും തരാമെന്നായി. അതും കൃത്യസമയത്ത് തരാതെ വട്ടം കറക്കി

ഇടുക്കി| കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത് . സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, ‘പണി മനസ്സിലാക്കി തരാം’ എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.  കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ജീവനൊടുക്കിയത്. സാബുവിൻ്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു

കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.

അതേസമയം ആത്മഹത്യ ചെയ്ത നിക്ഷേപകനെയും കുടുംബത്തെയും കട്ടപ്പന സഹകരണ ബാങ്ക് അധികൃതര്‍ ഏറെ ദ്രോഹിച്ചതായി മരിച്ച സാബുവിന്റെ ഭാര്യ മേരിക്കുട്ടി. പലവട്ടം കരഞ്ഞുകൊണ്ടാണ് ആ ബാങ്കിന്റെ പടിയിറങ്ങിയതെന്നും, എന്നിട്ടും ബാങ്ക് പൊളിയരുതെന്ന ലക്ഷ്യത്തിലാണ് ആളെ കുട്ടുകയോ വിവാദമാക്കുകയോ ചെയ്യാതിരുന്നതെന്നും മേരിക്കുട്ടിപറഞ്ഞു
“ഞങ്ങൾ 2007 തൊട്ട് ബാങ്കിൽ പൈസ ഇടുന്നതാണ്. സൊസൈറ്റിയിൽ ജോലിയുള്ള പുള്ളിക്കാരി കുറച്ച് ഡെപോസിറ്റ് വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സമയത്ത് സാബു പൈസ കൊടുത്തു. അവിടെ ആയിരുന്നു പൈസ എല്ലാം ഉണ്ടായിരുന്നത്. കഞ്ഞിക്കുഴിയിലെ സ്ഥലം വിറ്റ് മേപ്പണം കൊടുക്കേണ്ട ആവശ്യം വന്നപ്പോൾ ബാങ്കിൽ പോയപ്പോൾ, ഇപ്പോൾ ഒരു തരത്തിലും പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞു. പത്ത് ലക്ഷം രൂപയായിരുന്നു അത്യാവശ്യം. കടയിൽ വന്ന് എന്ത് തന്നെയായാലും പൈസ ഉണ്ടാകില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് അഡ്വാൻസ് കൊടുക്കാനായി പൈസ തന്നു. പിന്നീട് മുഴുവൻ തുക കൊടുക്കേണ്ട സമയമായപ്പോൾ, പലവട്ടം ബാങ്കിൽ പോയി കരഞ്ഞ് ഇറങ്ങിപ്പോരേണ്ടി വന്നു.

അഞ്ച് ലക്ഷം രൂപ വച്ച് മാസം മാസം തരാമെന്ന് ബോര്‍ഡ് മെമ്പേഴ്സ് കൂടി പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ അഞ്ച് ലക്ഷം ഞങ്ങൾക്ക് തരാൻ കഴിയില്ലെന്നും പൈസയെല്ലാം ലോൺ ആയി കിടക്കുവാണെന്നും പറഞ്ഞു. മൂന്ന് ലക്ഷം വീതം തരാമെന്ന് പറഞ്ഞു. ജനുവരിയിൽ മാത്രം മൂന്ന് ലക്ഷം തന്നു. പിന്നെ ഒരു ലക്ഷവും പലിശയും തരാമെന്നായി. അതും കൃത്യസമയത്ത് തരാതെ വട്ടം കറക്കി. ഞങ്ങളെ അതുപോലെ ദ്രോഹിച്ചിട്ടുണ്ട്. രാവിലെ പോയാൽ ഉച്ചയ്ക്ക് തരാം, നാളെ തരാമെന്ന് പറഞ്ഞ് ഓടിക്കും. കടയിൽ വന്ന് ഇന്ന് പൈസ ഉണ്ടാകില്ലെന്ന് പറയും.ഒന്നര വര്‍ഷമായി സഹിക്കുന്നു. ഒരു ഓപ്പറേഷൻ കേസ് വന്നു. ഇൻഷൂറൻസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു.

പക്ഷെ അത് കിട്ടിയില്ല. രണ്ട് ലക്ഷം രൂപയെങ്കിലും യൂട്രസ് റിമൂവൽ സര്‍ജറിക്ക് വേണ്ടിയിരുന്നു. മകള് പോയി അപേക്ഷിച്ചപ്പോ 40000 രൂപ തന്നു. പിന്നീട് ഒരു 40 കൂടി തന്നു. എൺപതിനായിരം രൂപ കൊണ്ട് എന്ത് ചെയ്യാനാണ് ബാക്കി പൈസ അടയ്ക്കണ്ടേ… ഇതിന് രാവിലെ പത്ത് മണിക്ക് ചെന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. ബിനോയ് എന്നയാൾ, പോടാ പുല്ലേ എന്നുപറഞ്ഞ് തള്ളിവിട്ടെന്ന് സാബു പറഞ്ഞു. ഇവര്‍ വണ്ടിയിൽ കേക്ക് വിതരണവും കലണ്ടര്‍ വിതരണവും ഒക്കെയായി പോവുകയാണ്. അവരുടേൽ പൈസയുണ്ട്. പക്ഷെ അവര്‍ പിടിച്ചുവയ്ക്കുകയാണെന്ന് സാബു പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോ വിളിച്ചപ്പോൾ, അഡ്ജസ്റ്റ് ചെയ്യൂ എന്നാണ് സെക്രട്ടറി പറഞ്ഞു. നമ്മൾ ട്രാപ്പിൽ പെട്ടുപോയെന്ന് കരഞ്ഞുകൊണ്ട് സാബു പറഞ്ഞു. സിപിഎം ബോര്‍ഡ് അംഗങ്ങൾക്കെല്ലാം അറിയാം. മരിക്കുന്നതിന് മുമ്പ് ജോയി വെട്ടിക്കുഴി സാറിനെ പോയി കാണാമെന്ന് സാബു പറഞ്ഞു. സ്ഥാപനം നശിക്കരുതെന്ന് കരുതി ഞാനാണ് എല്ലാവരും അറിയുമെന്ന് പറഞ്ഞ് ഇത്തിരി കൂടി കാത്തിരിക്കാമെന്ന് പറഞ്ഞു. ഇങ്ങനെ പെട്ടുപോയവര്‍ വേറെയുമുണ്ട്. ആ ബാങ്കിന്റെ പേര് കളയല്ലേ എന്ന് തലേ ദിവസവും ഞാൻ പറഞ്ഞിട്ടാണ് ആളെ കൂട്ടി പോകാതിരുന്നത്. രണ്ട് പിള്ളേരുണ്ട്. അവര്‍ വേദനിച്ച് കഴിയുകയാണ്. നിത്യരോഗിയായ എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് അറിയില്ല. ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നേ അധികാരികളോട് പറയാനുള്ളൂ”;- എന്നും മേരിക്കുട്ടി പറഞ്ഞു.

You might also like

-