‘രണ്ടും രണ്ടല്ല ഒന്നാണ്’; ശബരിമല സംഘപരിവാർ കലാപത്തെ അയോധ്യയിലെ കർസേവയോട് ഉപമിച്ച് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബാബറി മസ്ജിദ് പിടിച്ചെടുത്ത് കർസേവകർ എങ്ങനെ കാവൽ നിന്നോ അങ്ങനെ തന്നെയാണ് ശബരിമല വിഷയത്തിലെ പ്രതിഷേധക്കാർ കയ്യിൽ കുറുവടിയേന്തി കാവൽ നിൽക്കുന്നതെന്ന് ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
തിരുവനതപുരം :സുപ്രിംകോടതി വിധി യുടെ പശ്ചാത്തലത്തിൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിളിലും പമ്പയിലും സംഘപരിവാർ നടത്തിയ അക്രമങ്ങളെ അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെടുത്തി വൈദ്യുത മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ രണ്ട് സംഭവങ്ങളിലെയും സമാനതകൾ ചൂണ്ടിക്കാട്ടി രണ്ട് ചിത്രങ്ങൾ -രണ്ടും രണ്ടല്ല, ഒന്നാണ്- എന്ന തലക്കെട്ടോടെയാണ് മന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയാണ് നിലയ്ക്കലിൽ പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്നത്.
നാനൂറ് വർഷത്തിലധികം പഴക്കമുണ്ടായിരുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെടുന്നത് 1992ലാണ്. കർസേവകരാണ് തർക്കമന്ദിരം എന്നറിയപ്പെട്ടിരുന്ന ബാബറി മസ്ജിദ് തകർത്തത്. രാജ്യത്തുടനീളം വൻകലാപത്തിനാണ് ഈ സംഭവം വഴി തെളിച്ചു. ഇപ്പോഴും അയോധ്യ തർക്കഭൂമിയായി തന്നെ തുടരുകയാണ്. അന്ന് ബാബറി മസ്ജിദ് പിടിച്ചെടുത്ത് കർസേവകർ എങ്ങനെ കാവൽ നിന്നോ അങ്ങനെ തന്നെയാണ് ശബരിമല വിഷയത്തിലെ പ്രതിഷേധക്കാർ കയ്യിൽ കുറുവടിയേന്തി കാവൽ നിൽക്കുന്നതെന്ന് ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.