ശബരിമല കേസ്സ് :ഹർജികൾ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സർക്കാർ ഹർജി തള്ളി
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല.
ഡൽഹി :ശബരിമല കേസിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങളുന്നയിച്ച് നൽകിയ രണ്ട് ഹർജികളും സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഹാജരായത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണെന്നും ആ സാഹചര്യത്തിൽ ഹൈക്കോടതി ഈ ഹർജികൾ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാനസർക്കാരിന്‍റെ വാദം.എന്നാൽ ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തിൽ ഇടപെടാനില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനസർക്കാരിന് വേണമെങ്കിൽ ഈ വാദം ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ വാദം ഇന്ന് സുപ്രീംകോടതിയിൽ നടന്നിട്ടില്ല.
ക്രമസമാധാന വിഷയങ്ങൾ സർക്കാരിന്‍റെ അധികാര പരിധിയിൽ ഉള്ള വിഷയമാണെന്നും ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയമിക്കുക വഴി ഹൈക്കോടതി പോലീസിന്‍റെ അധികാര പരിധിയിലേക്ക് കടന്ന് കയറിയെന്നുമായിരുന്നു സുപ്രീം കോടതിയില്‍ സംസ്ഥാന സർക്കാരിന്‍റെ വാദം. ക്രമസമാധാന പാലനം, തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ പോലീസിന്റെ ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും ഇടപെടാനും നിരീക്ഷണ സമിതിക്ക് ഹൈകോടതി അനുമതി നല്‍കിയത് പോലീസിന്റെ സ്വാതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നടപടിയില്‍ ഇടാപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മണ്ഡലകാലത്ത് കെ എസ് ആർ ടി സി ബസുകള്‍ക്ക് അമിത നിരക്ക് വർദ്ധിപ്പിച്ചത് ചോദ്യം ചെയ്തും സ്വകാര്യ വാഹനങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്ത് കളയണമെന്നും ആവശ്യപ്പെട്ടും ഹിന്ദു ഐക്യവേദി നല്‍കിയ ഹർജിയും കോടതി തള്ളി. മലമുകളിലേക്ക് വാഹനം കൊണ്ടു പോകണമോ എന്ന് കോടതി പരിഹസിച്ചു. സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.
ഇത് പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ നടപടികളില്‍ ഇടപെടാന്‍ ആകില്ലെന്നുമാണ് ഇപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ റിട്ട് ഹര്‍ജികളും മാറ്റം വരുത്താന്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശനം സംബന്ധിച്ച അനുകൂല വിധിയ്ക്ക് എതിരെ സുപ്രീം കോടതിയ്ക്ക് മുന്നിലുള്ള ഹര്‍ജികള്‍ക്ക് ഒപ്പം ഇതും പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി നിരസിച്ചിരിക്കുന്നത്.