ഫാ. ആന്റണി മാടശേരിയില്‍ നിന്നും പണം പിടിച്ചെടുത്ത കേസിൽ വിശദികരണവുമായി ജലാൻഡർ രൂപത
14 കോടി നേരത്തെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 16.65 കോടി രൂപ 29ാം തിയതി നിക്ഷേപിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതരുമായി ചേര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴായിരുന്നു റെയ്ഡ്. പിസ്റ്റളുകളും എ.കെ47 റൈഫിളുകളുമായി എത്തിയ അൻപതോളം ആളുകള്‍ പരിശോധനയ്ക്കുള്ള വാറന്റ് പോലുമില്ലാതെ വൈദിക മന്ദിരത്തിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്നവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണം കൊണ്ടുപോകുകയായിരുന്നു.
ജലാൻഡർ : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹചാരി ഫാ. ആന്റണി മാടശേരിയില്‍ നിന്നും പണം പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റും ചേര്‍ന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ജലന്ധര്‍ രൂപത. പ്രതാപ് പുരയിലെ വൈദിക മന്ദിരത്തില്‍ നിന്ന് 16.65 കോടി രൂപയാണ് അധികൃതര്‍ എടുത്തുകൊണ്ടുപോയതെന്ന് അപ്പസ്‌തോലിക് അഡ്മിന്‌സട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ ഗ്രേഷ്യസ് പറയുന്നു.സഹോദയ ഗ്രൂപ്പ് രൂപതയുടെ ഉടമസ്ഥതയിലുള്ള കമ്പനിയല്ലെന്ന് അദ്ദേഹം പറയുന്നു. രൂപതയുടെ അനുമതിയോടെ രൂപതയിലെ ചില വൈദികര്‍ ചേര്‍ന്ന് നടത്തുന്ന പങ്കാളിത്ത കമ്പനിയാണിത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതും കൃത്യമായി ഓഡിറ്റ് നടക്കുന്നതും നികുതി അടയ്ക്കുന്നതുമായ കമ്പനിയാണെന്നും ആഗ്‌നെലോ ഗ്രേഷ്യസ് വിശദീകരണക്കുറിപ്പില്‍ പറയുന്നു. കമ്പനികളില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം സാമൂഹിക, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണ്. വിധവ പെന്‍ഷന്‍, അംഗപരിമിതരുടെ കുടുംബത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റ്, വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ പണം ചെലവഴിക്കുന്നത്.
അധികൃതര്‍ രൂപതയുടെ 70 സ്‌കൂളുകളിലെ പാഠപുസ്തക വില്‍പനയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയാണ്പിടിച്ചെടുത്തത്. ഇതില്‍ 14 കോടി നേരത്തെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 16.65 കോടി രൂപ 29ാം തിയതി നിക്ഷേപിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതരുമായി ചേര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴായിരുന്നു റെയ്ഡ്. പിസ്റ്റളുകളും എ.കെ47 റൈഫിളുകളുമായി എത്തിയ അൻപതോളം ആളുകള്‍ പരിശോധനയ്ക്കുള്ള വാറന്റ് പോലുമില്ലാതെ വൈദിക മന്ദിരത്തിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്നവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണം കൊണ്ടുപോകുകയായിരുന്നു. ലോക്കല്‍ പൊലീസിനെ അറിയിക്കാതെയായിരുന്നു റെയ്ഡ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം 30ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഫാ.ആന്റണി മാടശേരിയെ വിട്ടയച്ചതെന്ന് ബിഷപ്പ് പറയുന്നു. 9,66,61,700 രൂപയാണ് പിടിച്ചെടുത്തതെന്ന് ഖന്നാ പൊലീസ് പറയുന്നു. 6,65,00,000 രൂപ അവരുടെ കൈകളില്‍ പോയി എന്ന ആരോപണവും ബിഷപ്പ് ഉന്നയിക്കുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റീസിനും പഞ്ചാബ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ലുധിയാന ഡിഐജിക്കും നല്‍കിയ പരാതിയില്‍ നടപടിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ബിഷപ്പ് പറയുന്നു. രൂപത ഈ കമ്പനികളില്‍ ഒന്നും പങ്കാളിയല്ലെങ്കിലും രുപതയിലെ ചില വൈദികര്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സത്യം പുറത്തുവരണമെന്ന താല്‍പര്യത്തോടെയാണ് ഈ വിശദീകരണ കുറിപ്പെന്നും ബിഷപ്പ് പറയുന്നു.എന്നാല്‍ ബാങ്ക് ജീവനക്കാരന്‍ എണ്ണിത്തിട്ടപ്പെടുത്തിയത് ആറു കോടി രൂപ മാത്രമാണെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജരുടെ വാദം.